ബാഫ്തയിൽ തിളങ്ങി ഓപ്പൻഹെയ്മർ; ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകൻ
Tuesday, February 20, 2024 11:16 AM IST
ബ്രിട്ടിഷ് അക്കാദമി ഫിലിം അവാര്‍ഡ്സ് (ബാഫ്ത) പുരസ്കാരങ്ങളിൽ തിളങ്ങി ക്രിസ്റ്റഫർ നോളന്റെ ഓപ്പൻ ഹെയ്മർ എന്ന ചിത്രം. മികച്ച സിനിമ, മികച്ച നടന്, മികച്ച സഹനടന്‍ തുടങ്ങി ഏഴ് പുരസ്കാരങ്ങളാണ് ഓപ്പന്‍ഹെയ്മര്‍ നേടിയത്.
ഇന്ത്യയെ പ്രതിനിധീകരിച്ച് ബോളിവുഡ് താരം ദീപിക പദുക്കോണാണ് ലണ്ടനിലെത്തിയത്. ഇംഗ്ലിഷ് ഇതര ചിത്രത്തിനുള്ള അവാർഡ് സമ്മാനിച്ചതു ദീപികയായിരുന്നു. യോര്‍ഗോസ് ലാന്തിമോസ് സംവിധാനം ചെയ്ത പുവര്‍ തിംഗ്സ് മികച്ച നടിയടക്കം അഞ്ച് പുരസ്കാരങ്ങള്‍ നേടി.
ഓപ്പൻ ഹെയ്മറെ അവതരിപ്പിച്ച കിലിയന്‍ മര്‍ഫി മികച്ച നടനായി, റോബര്‍ട്ട് ഡൗണി ജൂനിയറാണ് മികച്ച സഹനടൻ. ക്രിസ്റ്റഫര്‍ നോളനാണ് മികച്ച സംവിധായകന്.
കൂടാതെ മികച്ച സിനിമ ഒറിജിനല്‍ സ്കോര്‍, ഛായാഗ്രഹണം, എഡിറ്റംഗ് എന്നീ പുരസ്കാരങ്ങളും ഓപ്പന്‍ഹൈമര്‍ സ്വന്തമാക്കി. ഇതാദ്യമായാണ് നോളന് ബാഫ്ത പുരസ്കാരം നേടുന്നത്.
പൂവർ തിംഗ്സിലെ അഭിനയത്തിലൂടെ എമ്മ സ്റ്റോൺ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. കോസ്റ്റ്യും ഡിസൈനര്‍, മേക്കപ്പ് ആന്‍ഡ് ഹെയര്‍, സ്പെഷല്‍ വിഷ്വല്‍ എഫക്ട്, പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നീ പുരസ്കാരങ്ങളും പുവര്‍ തിംഗ്സ് സ്വന്തമാക്കി.