സുശീൽ കുമാർ തിരുവങ്ങാട് @ 30; 10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
നവാസ് മേത്തർ
Tuesday, October 3, 2023 12:15 PM IST
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന് എഴുപത്തിയഞ്ച് സിനിമകൾ പൂർത്തിയാക്കി തലശേരി തിരുവങ്ങാട് സ്വദേശി സുശീൽ കുമാർ. ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലെ ഇരട്ടക്കുട്ടികളുടെ അച്ഛനിൽ തുടക്കം.
ഓസ്കർ നോമിനേഷൻ നേടിയ രാജീവ് അഞ്ചലിന്റെ ഗുരു എന്ന ശ്രദ്ധേയമായ ചിത്രത്തിലെ മുല്ലാക്ക എന്ന കഥാപാത്രമായിരുന്നു രണ്ടാമത് സുശീൽ കുമാറിനെ തേടിയെത്തിയത്.
മോഹൻ ലാലിനോടൊപ്പം രഞ്ജിത്ത്-ഷാജി കൈലാസ് കൂട്ടുകെട്ടിൽ പിറന്ന നിരവധി ചിത്രങ്ങൾ സുശീൽ കുമാറിനെ ജനപ്രിയ നടനാക്കി.
നരസിംഹം, വല്യേട്ടൻ, ഉസ്താദ്, രാവണ പ്രഭു, ഇവിടം സ്വർഗമാണ്, ദി കിംഗ് ആൻഡ് കമ്മീഷണർ, ഇന്ത്യൻ റുപ്പി, പുത്തൻ പണം തുടങ്ങിയ 75 ചലച്ചിത്രങ്ങളിലെ അഭിനയംകൊണ്ട് സുശീൽ കുമാർ മലയാള സിനിമയിലെ നിറ സാന്നിധ്യമായി മാറി.
പഴശി രാജയിലെ ശേഖര വാര്യർ
എം.ടി.-ഹരിഹരൻ-ഗോകുലം ഗോപാലൻ-മമ്മൂട്ടി ടീമിന്റെ ദേശീയ-അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട കേരള വർമ പഴശിരാജയിലെ പഴശിരാജയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ ശേഖര വാരിയരെ പ്രേക്ഷകർ മറക്കില്ല. കമൽ സംവിധാനം ചെയ്ത ആമിയിലെ മഹാകവി വള്ളത്തോൾ ഏറെ ശ്രദ്ധേയമായിരുന്നു.
10 വർഷം, 1,500 വേദികൾ
10 വർഷം നാടകരംഗത്ത് സജീവമായിരുന്നു സുശീൽ കുമാർ. കൂത്തുപറന്പ് സികെജി തിയറ്ററിന്റേതുൾപ്പെടെയുള്ള നാടക ട്രൂപ്പുകളിലൂടെ കേരളക്കരയിൽ 1,500 വേദികളിൽ നാടകത്തിൽ അഭിനയിച്ചു. നാടകാഭിനയം സുശീൽ കുമാറിനെ കലാലോകത്ത് സുപരിചിതനാക്കി.
അഞ്ച് നാടകങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹം നടൻ, സംവിധായകൻ എന്നീ നിലകളിൽ ദേശീയ സംസ്ഥാന തലത്തിൽ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്, കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ നല്ല നടനുള്ള പുരസ്കാരം മൂന്ന് തവണ നേടിയ സുശീൽ കുമാറിന് ജേസീസ്, റോട്ടറി, ഐഎംഎ എന്നീ സംഘടനകൾ കലാപ്രതിഭ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
കേരള ഗ്രാമീണ ബാങ്ക് തലശേരി റീജിയണൽ ഓഫീസിൽ പബ്ലിക് റിലേഷൻസ് ഓഫീസർ ആയിരുന്ന ഇദ്ദേഹം പത്മശ്രീ കെ. രാഘവൻ മാസ്റ്റർ, ചേമഞ്ചേരി എന്നീ കലാപ്രതിഭകളുടെ അരുമ ശിഷ്യൻ കൂടിയായിരുന്നു.
രാഘവൻ മാസ്റ്റർക്കൊപ്പം
താൻ രചിച്ച നാടകം കാണാൻ രാത്രിയിൽ തന്നോടൊപ്പം നടന്ന് നാടക വേദിയിൽ എത്തുകയും വേദിയിൽ കസേര നൽകിയിട്ടും അതിൽ ഇരിക്കാതെ മണലിൽ തന്നോടൊപ്പം നിലത്തിരുന്ന് രാഘവൻ മാസ്റ്റർ നാടകം ആസ്വദിച്ചത് മറക്കാനാകാത്ത ഓർമയാണെന്ന് സുശീൽ കുമാർ പറയുന്നു.
നാടക രംഗത്ത് നിൽക്കുമ്പോൾ തന്റെ സിനിമാ മോഹം ശ്രദ്ധയിൽപെട്ട രാഘവൻ മാസ്റ്റർ ഷാജി എൻ. കരുണിന് കൊടുക്കാൻ ഒരു കത്തു തന്നു.
കത്തുമായി തിരുവനന്തപുരത്ത് എത്തിയ തനിക്ക് ഷാജി എൻ. കരുൺ ഊഷ്മളമായ സ്വീകരണമാണ് നൽകിയതെന്ന് ആകാശവാണി ആർട്ടിസ്റ്റ് കൂടിയായിരുന്ന സുശീൽ കുമാർ ഓർക്കുന്നു.
പ്രൈമറി വിദ്യഭ്യാസം തലശേരി ചാലിയ യുപി സ്കൂളിലായിരുന്നു. പിന്നെ കൊയിലാണ്ടി കൊല്ലത്ത് സി.എച്ച്. മുഹമ്മദ് കോയയും വി.ടി. മുരളിയുമൊക്കെ പഠിച്ച സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മടപ്പള്ളി കോളജിലെ പഠനത്തിനു ശേഷം ഗ്രാമീൺ ബാങ്കിൽ ജോലിയിലേക്ക്.
ജോലി മുറുകെ പിടിച്ചു, അഭിനയം നെഞ്ചിലേറ്റി
സ്കൂൾ പഠന കലാത്ത് കലാ രംഗവുമായി ഒരു ബന്ധവും ഇല്ലാതിരുന്ന സുശീൽ കുമാർ കോളജ് കാലഘട്ടത്തിലാണ് നാടക രംഗത്തേക്ക് കടന്നു വരുന്നത്.
ഗ്രാമീൺ ബാങ്കിലെ ജോലി മുറുകെ പിടിച്ച് കലാലോകത്തെ ഹൃദയത്തിലേറ്റി നാടക രംഗത്തും സിനിമയിലുമായി മൂന്ന് പതിറ്റാണ്ട് പിന്നിട്ടുന്ന സുശീൽ കുമാറിന് മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള താരനിരയുടെ സൗഹൃദത്തിന്റെ കരുത്തുമുണ്ട്.
ഗ്രാമീൺ ബാങ്കും ഈ കലാകാരനെ ചേർത്തു പിടിച്ചു. ഇദ്ദേഹത്തിന്റെ കലാ ജീവിതത്തിന് സൗകര്യമൊരുക്കാൻ തലശേരി ശാഖയിൽ ഒരു പിആർഒ പോസ്റ്റ് തന്നെ ബാങ്ക് സൃഷ്ടിച്ചു.
നാടക രംഗത്തുള്ളപ്പോൾ സുശീൽ എന്ന പേര് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഈ പേരുള്ള പലരും രംഗത്ത് വന്നതോടെ തിരുവങ്ങാട് എന്ന നാമം പേരിനൊപ്പം ചേർക്കുകയായിരുന്നു.
സൗമ്യ സ്വഭാവവും ലളിതമായ ജീവിതവും കൈമുതലാക്കിയ സുശീൽ കുമാർ തലശേരിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് ഇന്ന് നിറ സാന്നിധ്യമാണ്.
കത്തനാർ
ഗോകുലം മൂവീസ് 100 കോടി ബജറ്റിൽ 14 ഭാഷകളിൽ ഒരുക്കുന്ന കത്തനാരാണ് സുശീൽ കുമാറിന്റെ ഇപ്പോൾ പുരോഗമിക്കുന്ന ചിത്രം.
ഹോളിവുഡ് ടെക്നിഷ്യൻസ് അണിനിരക്കുന്ന കത്തനാറിൽ ശ്രദ്ധേയ കഥാപാത്രമായിട്ടാണ് ഇദ്ദേഹം എത്തുന്നത്. ദേശീയ അവാർഡ് നേടിയ ‘ഹോം’ എന്ന ചിത്രത്തിന്റെ സംവിധായകൻ റോജിൻ തോമസ് ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ.