ബാംഗ്ലൂർ ഡേയ്സ് ഹിന്ദി റീമേക്ക് യാരിയാൻ 2; ട്രെയിലർ
Thursday, September 28, 2023 11:23 AM IST
2014ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള ചിത്രം ബാംഗ്ലൂർ ഡേയ്സ് ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. യാരിയാൻ 2’എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു.
യഥാർഥ സിനിമയിലെ പ്രമേയത്തിൽ നിന്നും ചില മാറ്റങ്ങൾ വരുത്തിയാണ് ഹിന്ദി റീമേക്ക് എത്തുന്നത്. മനൻ ഭരദ്വാജ്, ഖാലിഫ്, യോ യോ ഹണി സിങ് എന്നിവരുടെ സംഗീതം ടീസറിനെ കൂടുതൽ മനോഹരമാക്കുന്നു. ചിത്രത്തിൽ മലയാളി താരങ്ങളായ പ്രിയ പി. വാരിയരും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ എത്തും.
ഇവരെ കൂടാതെ ദിവ്യ ഖോസ്ല കുമാർ, മീസാൻ ജാഫ്രി, പേൾ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈൻ എന്നിവരും അഭിനയിക്കുന്നു. അനശ്വര രാജന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്.
രാധിക റാവു, വിനയ് സപ്റു എന്നിവർ ചേർന്ന് ആണ് സംവിധാനം. ടി സീരീസ് നിർമിക്കുന്ന ചിത്രം അടുത്ത മാസം തിയറ്ററുകളിൽ എത്തും.
2014ൽ റിലീസ് ചെയ്ത റൊമാന്റിക് ചിത്രം യാരിയാന്റെ സീക്വൽ ആയാണ് സിനിമ ഒരുങ്ങുക. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സിൽ ദുൽഖർ സൽമാൻ, നിവിൻ പോളി, ഫഹദ് ഫാസിൽ, നസ്രിയ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.
2016ൽ ബാംഗ്ലൂർ നാട്കൾ എന്ന പേരിൽ തമിഴിൽ ചിത്രം റീമേക്ക് ചെയ്തിരുന്നു. ഭാസ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ആര്യ, റാണ ദഗുബാട്ടി, ബോബി സിംഹ എന്നിവരായിരുന്നു നായകവേഷങ്ങളിൽ. തമിഴില്‍ സിനിമ വലിയ പരാജമായിരുന്നു.