മരിച്ചുപോയ അച്ഛനെകുറിച്ച് എപ്പോഴും മോശം കമന്റുകൾ, ആ പെൺകുട്ടിയെ ഞാൻ കണ്ടെത്തി: സുപ്രിയ
Wednesday, September 27, 2023 10:34 AM IST
സമൂഹമാധ്യമങ്ങളിലൂടെയുള്ള നിരന്തരമായി അധിക്ഷേപിക്കുന്ന ആളെ കണ്ടെത്തി നിർമാതാവ് സുപ്രിയ മേനോൻ.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സുപ്രിയയ്ക്കെതിരെ സൈബർ ബുള്ളിയിംഗ് നടത്തിയിരുന്ന പെൺകുട്ടിയെയാണ് സുപ്രിയ കണ്ടുപിടിച്ചത്. മരിച്ചു പോയ അച്ഛനെക്കുറിച്ച് വരെ മോശം കമന്റുകൾ ചെയ്തു തുടങ്ങിയതിന് ശേഷമാണ് താൻ അവരെ കണ്ടെത്തിയതെന്നും സുപ്രിയ പറയുന്നു.
ആളൊരു നഴ്സ് ആണെന്നും അവർക്ക് ഒരു ചെറിയ കുഞ്ഞുണ്ടെന്നും സുപ്രിയ പറയുന്നു. ഈ പെൺകുട്ടിയ്ക്കെതിരേ കേസ് കൊടുക്കണമോ അതോ പൊതുസമൂഹത്തിനു മുന്നിൽ അവരെ അവതരിപ്പിക്കണമോ എന്നും സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിൽ ചോദിക്കുന്നു.
“നിങ്ങൾ എപ്പോഴെങ്കിലും സൈബർ ബുള്ളിയിംഗ് നേരിട്ടുണ്ടോ? എനിക്ക് കുറച്ച് വർഷങ്ങളായി അത്തരമൊരു അനുഭവം ഉണ്ടാവുന്നുണ്ട്. വർഷങ്ങളായി ഒന്നിൽ കൂടുതൽ ഫേക്ക് ഐഡികളിൽ നിന്നും സോഷ്യൽ മീഡിയയിൽ, എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും സൈബർ ബുള്ളിയിംഗ് ചെയ്ത് അപമാനിക്കുകയാണ്.
കാലങ്ങളായി ഞാനത് കാര്യമാക്കാതെ വിട്ടതാണ്. എങ്കിലും ഒടുവിൽ ഞാൻ അവരെ കണ്ടെത്തി. മരിച്ചു പോയ എന്റെ അച്ഛനെക്കുറിച്ച് വരെ മോശമായി കമന്റ് ചെയ്തപ്പോഴാണ് ഞാനതിന് മുതിർന്നത്.
രസകരമായൊരു സംഗതി എന്തെന്നാല് അവളൊരു നഴ്സ് ആണ്. ഒരു കുഞ്ഞുമുണ്ട്. അവൾക്കെതിരെ ഞാൻ കേസ് ഫയൽ ചെയ്യണോ അതോ അവരെ പൊതുവിടത്തിൽ കൊണ്ടുവരണോ? സുപ്രിയ ചോദിക്കുന്നു.
അടുത്ത സ്റ്റോറിയായി ഈ വെളിപ്പെടുത്തലിലൂടെ തനിക്ക് ലഭിച്ച പ്രതികരണവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്. സ്റ്റോറി ഇട്ടതിന് പിന്നാലെ മുൻപുണ്ടായിരുന്ന മോശം കമന്റുകൾ അവൾ ഡിലീറ്റ് ചെയ്യുന്നുണ്ടെന്നും സുപ്രിയ പറഞ്ഞു.
തന്റെ കയ്യിൽ എല്ലാ തെളിവുകളും ഉണ്ടെന്നും മുന്നോട്ടുള്ള നടപടികളെക്കുറിച്ച് ഉടൻ വെളിപ്പെടുത്തുമെന്നും സുപ്രിയ വ്യക്തമാക്കി.