സംവിധായകന് ഷാജി എൻ. കരുണ്‍ അന്തരിച്ചു
Monday, April 28, 2025 5:23 PM IST
തിരുവനന്തപുരം: സംവിധായകന് ഷാജി എന്‍. കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരം വെള്ളയമ്പലത്തെ വസതിയിലായിരുന്നു അന്ത്യം. അർബുദത്തെ തുടർന്നു ചികിത്സയിലായിരുന്നു.
ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാജി എന്‍. കരുണ്‍. 40 ഓളം ചിത്രങ്ങളുടെ ഛായാഗ്രാഹകനായ അദ്ദേഹം ജി.അരവിന്ദന്റെ ക്യാമറാമാന് എന്ന നിലയില്‍ മലയാളത്തിലെ നവതരംഗ സിനിമയക്ക് സര്‍ഗാത്മകമായ ഊര്‍ജം പകർന്ന വ്യക്തികൂടിയാണ്.
പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് മെഡലോടുകൂടി ഛായാഗ്രഹണത്തില്‍ ഡിപ്ലോമ നേടിയ ഷാജി എൻ. കരുൺ പ്രശസ്ത സംവിധായകനായ ജി. അരവിന്ദനോടൊപ്പമാണ് ചലച്ചിത്രലോകത്തേക്ക് എത്തുന്നത്.
കുട്ടിസ്രാങ്ക്, നിഷാദ്, വാനപ്രസ്ഥം, സ്വം, പിറവി, സ്വപാനം തുടങ്ങി ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങളുടെ സംവിധായകനാണ്. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദന് ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.
കല-സാഹിത്യരംഗങ്ങളിലെ സംഭാവനക്ക് ഫ്രഞ്ച് സര്‍ക്കാര്‍ നൽകുന്ന ‘ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ്’ പുരസ്കാരവും 2011ല്‍ പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ജെ.സി. ഡാനിയേല്‍ പുരസ്കാരവും ഷാജി എൻ. കരുണിനെ തേടിയെത്തിയിരുന്നു.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രഥമ അധ്യക്ഷനായും കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടേ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.