ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം
Monday, April 28, 2025 3:53 PM IST
കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം. പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), മാതാവ് ഗീത ലാലി (62) എന്നിവരെയാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്. ഇരുവർക്കും ഒരു ലക്ഷം രൂപ വീതം പിഴയും ചുമത്തി.
അയണിവേലിൽ സൗത്ത് തുഷാര ഭവനിൽ തുഷാരയെ കൊലപ്പെടുത്തിയ കേസിലാണ് കോടതി നടപടി. ജഡ്ജി എസ്. സുഭാഷാണ് ശിക്ഷ വിധിച്ചത്. ചന്തുലാലിന്റെ പിതാവും കേസിലെ മൂന്നാം പ്രതിയുമായ ലാലിയെ (66) ഒന്നര വർഷം മുൻപ് ഇത്തിക്കര ആറിനു സമീപം മരിച്ചനിലയിൽ കണ്ടെത്തിയതോടെ കേസിൽ നിന്നൊഴിവാക്കിയിരുന്നു.
വിവാഹം കഴിഞ്ഞ് അഞ്ചര വർഷം കഴിഞ്ഞാണ് തുഷാര (28) കൊല്ലപ്പെട്ടത്. പോസ്റ്റ്മോർട്ടത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹത്തിന്റെ ഭാരം 21 കിലോഗ്രാം ആയിരുന്നു. ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2013ൽ ആയിരുന്നു ചന്തുലാലിന്റെയും തുഷാരയുടെയും വിവാഹം.
മൂന്നാം മാസം മുതൽ സ്ത്രീധനത്തുക ആവശ്യപ്പെട്ട് തുഷാരയെയും കുടുംബത്തെയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നു കണ്ടെത്തിയിരുന്നു.