പുതിയ മാർപാപ്പയുടെ തെരഞ്ഞെടുപ്പ്; പേപ്പൽ കോൺക്ലേവ് മേയ് ഏഴിന്
Monday, April 28, 2025 4:50 PM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവ് മേയ് ഏഴിന് ചേരും. തിങ്കളാഴ്ച ചേർന്ന കർദിനാൾമാരുടെ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്.
പേപ്പല്‍ കോണ്‍ക്ലേവ് എന്ന പേരില്‍ നടക്കുന്ന സമ്മേളനത്തില്‍ രഹസ്യ വോട്ടെടുപ്പിലൂടെയാണ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കുക. 80 വയസില്‍ താഴെയുളള 138 കര്‍ദിനാൾമാരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുക. ഇതിൽ ഇന്ത്യയിൽ നിന്നുള്ള നാല് കർദിനാൾമാരാണുള്ളത്.
സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട്, കർദിനാൾ ഫിലിപ്പ് നേരി ഫെറാവോ, കർദിനാൾ ആന്റണി പൂല എന്നിവർക്കാണ് ഇന്ത്യയിൽനിന്നു വോട്ടവകാശമുള്ളത്.
മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയാകും. നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നത് വരെ കോണ്‍ക്ലേവ് തുടരും. കോൺക്ലേവിനു മുന്നോടിയായി വത്തിക്കാനിലെ സിസ്റ്റെയിൻ ചാപ്പൽ താത്കാലികമായി അടച്ചു.
കർദിനാൾമാർ അടുത്ത മാർപാപ്പയെ തെരഞ്ഞെടുക്കാനായി ഒത്തുചേരുന്നത് സിസ്റ്റെയിൻ ചാപ്പലിലാണ്. ഇതിനായുള്ള ഒരുക്കങ്ങൾക്കായാണ് ചാപ്പൽ അടച്ചത്. ഇനി പുതിയ മാർപാപ്പയെ തെരഞ്ഞെടുത്ത ശേഷം മാത്രമേ ചാപ്പൽ തീർഥാടകർക്കായി തുറക്കുകയുള്ളൂ.