ഉറി ഡാം മുന്നറിയിപ്പില്ലാതെ തുറന്ന് ഇന്ത്യ; പാക് അധീന കാഷ്മീരിൽ വെള്ളം കയറി
Sunday, April 27, 2025 8:10 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഡാം തുറന്നതിനെ തുടർന്ന് ത്സലം നദിയിൽ ജലനിരപ്പ് ഉയർന്നു. പാക് അധീന കാഷ്മീരിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി.
ഹട്ടിയൻ ബാല ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. നദീതീരങ്ങളിൽ താമസിച്ചിരുന്നവർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറി. കൊഹാല, ധാൽകോട്ട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി.
ജലനിരപ്പ് ഉയർന്നതോടെ താമസക്കാരെ ഒഴിപ്പിക്കാൻ നിർദേശങ്ങൾ നൽകി. പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായെന്നും കൃഷിനാശം സംഭവിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.