പഹൽഗാം ഭീകരാക്രമണത്തിൽ പങ്കില്ല; പ്രസ്താവന അക്കൗണ്ടിലിട്ടത് ഇന്ത്യൻ ഏജൻസികളെന്ന് ടിആർഎഫ്
Saturday, April 26, 2025 3:21 PM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് ഭീകരസംഘടനയായ ടിആർഎഫ്(ദ് റസിസ്റ്റൻസ് ഫ്രണ്ട്). ടിആർഎഫിന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ ഇന്ത്യൻ സൈബർ വിഭാഗം നുഴഞ്ഞുകയറിയെന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത പ്രസ്താവന അക്കൗണ്ടിലിട്ടത് ഇന്ത്യൻ ഏജൻസികളാണെന്നും ടിആർഎഫ് അറിയിച്ചു.
പഹൽഗാമിൽ ഭീകരർ നടത്തിയ നരനായാട്ടിൽ 26പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പാക് ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ നിഴൽ സംഘടനയാണ് ദ റെസിസ്റ്റൻസ് ഫ്രണ്ട്. ജമ്മുകാഷ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കി മാസങ്ങൾക്കുശേഷം 2019 ഒക്ടോബറിലാണ് ടിആർഎഫ് രൂപപ്പെട്ടത്.
കാഷ്മീരിന്റെ പ്രതിരോധത്തിനായി പോരാടുന്ന സ്വതന്ത്ര തീവ്രവാദ സംഘടന എന്നാണ് അവകാശപ്പെടുന്നതെങ്കിലും ലഷ്കർ-ഇ-തൊയ്ബയുടെ അനുബന്ധ സംഘടനയാണു ടിആർഎഫ് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന വിവരമനുസരിച്ച് ലഷ്കർ-ഇ-തൊയ്ബ നേതാക്കളുടെതന്നെ നിയന്ത്രണത്തിലാണ് ടിആർഎഫും.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (യുഎപിഎ) നിയമപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2023ൽ നിരോധിച്ച സംഘടനയാണ് ടിആർഎഫ്. തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി യുവാക്കളെ ഓണ്ലൈൻ മാധ്യമങ്ങൾ വഴി റിക്രൂട്ട് ചെയ്യുന്നു, തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നു, തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിക്കുന്നു, പാക്കിസ്ഥാനിൽനിന്ന് ജമ്മു കാഷ്മീരിലേക്ക് ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നു എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു നിരോധനം.
കാഷ്മീരി പണ്ഡിറ്റുമാരെയും ന്യൂനപക്ഷങ്ങളെയും കാഷ്മീർ ഇതര പൗരന്മാരെയും ടിആർഎഫ് നേരത്തെയും ലക്ഷ്യംവച്ചിട്ടുണ്ട്.