ലോകം വത്തിക്കാനിൽ; മാർപാപ്പയുടെ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു
Saturday, April 26, 2025 1:52 PM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. ശുശ്രൂഷകൾക്ക് മുന്നോടിയായുള്ള ദിവ്യബലി തുടങ്ങി. സെന്റ് പീറ്റേഴ്സ് ചത്വരത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി, രാഷ്ട്രപതി ദ്രൗപതി മുർമു തുടങ്ങി 130 രാജ്യങ്ങളിൽ നിന്നുള്ള ലോകനേതാക്കൾ വത്തിക്കാനിലെത്തിയിട്ടുണ്ട്. മാർപാപ്പയ്ക്ക് വിടചൊല്ലാൻ ആയിരക്കണക്കിന് വിശ്വാസികളും വത്തിക്കാനിലെത്തി.
ഇന്നത്തെ സംസ്കാരശുശ്രൂഷയിൽ പങ്കെടുക്കാനായി വെള്ളിയാഴ്ച അർധരാത്രിയിൽത്തന്നെ ആളുകൾ ക്യൂവിൽ നിരന്നുകഴിഞ്ഞിരുന്നു. വിമാനത്താവളത്തിലേതിനു സമാനമായ ത്രിതല സുരക്ഷാസംവിധാനത്തിലൂടെയാണ് ആളുകളെ ചത്വരത്തിൽ പ്രവേശിപ്പിക്കുന്നത്.
കർദിനാൾ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ജൊവാന്നി ബാത്തിസ്ത റെ ചടങ്ങിന്റെ മുഖ്യകാർമികത്വം വഹിക്കും. സംസ്കാരശുശ്രൂഷകൾക്കുശേഷം ഭൗതികദേഹം വിലാപയാത്രയായി റോമിലെ പരിശുദ്ധ കന്യാകാമറിയത്തിന്റെ വലിയ പള്ളിയിലേക്ക് കൊണ്ടുപോകും.
റികൺസിലിയേഷന്‍ റോഡ്, വിക്ടർ ഇമ്മാനുവൽ പാലം, വിക്ടർ ഇമ്മാനുവൽ കോഴ്സ്, വെനീസ് ചത്വരം, റോമൻ ഫോറം, കൊളോസിയം, ലാബിക്കാന റോഡ്, മെരുളാന റോഡ് വഴിയാണ് വിലാപയാത്ര കടന്നുപോവുക.
കബറടക്കം ലളിതവും സ്വകാര്യവുമായ ചടങ്ങായിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചിരുന്നു. അന്‍പതോളം പേർ മാത്രമേ പള്ളിയ്കത്തെ സംസ്കാരകർമത്തിൽ സംബന്ധിക്കുകയുള്ളൂ.