മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് പിൻവലിച്ച് ക്രൈസ്തവ സമൂഹത്തോട് മാപ്പുപറയണം: കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ
Wednesday, April 23, 2025 7:45 PM IST
തിരുവനന്തപുരം: മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് പിൻവലിച്ച് ക്രൈസ്തവ സമൂഹത്തോട് മാപ്പുപറയണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ആവശ്യപ്പെട്ടു. ക്രൈസ്തവ മാനേജ്മെന്റുകളുടെ കീഴിലുള്ള എയ്ഡഡ് സ്കൂളുകളുമായി ബന്ധപ്പെട്ട് വിചിത്രമായ ഒരു പരാതിയും അനുബന്ധമായ അന്വേഷണ ഉത്തരവും കഴിഞ്ഞ ഫെബ്രുവരിയിൽ വിവാദമായിരുന്നു.
ക്രൈസ്തവരായ അധ്യാപകർ സർക്കാരിന് അടയ്ക്കേണ്ട നികുതി നൽകാത്തതിനാൽ ഇതിനകം സർക്കാരിന് നഷ്ടപ്പെട്ടത് പതിനായിരം കോടിയിൽപ്പരം രൂപയാണ് എന്നിങ്ങനെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളോടെ, ഇത് തിരിച്ചുപിടിക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണം എന്ന ആവശ്യവുമായി കോഴിക്കോട് സ്വദേശിയായ ഒരു വ്യക്തിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അന്ന് പരാതി നൽകിയത്. ലഭിച്ച പരാതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്താതെ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉപവിദ്യാഭ്യാസ ഡയക്ടർമാർ വഴി എല്ലാ ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും അറിയിപ്പ് നൽകുകയുണ്ടായി.
എന്നാൽ, സർക്കാർ ശമ്പളം പറ്റുന്ന എയ്ഡഡ് സ്കൂൾ അധ്യാപകർ എല്ലാ അർത്ഥത്തിലും ഗവൺമെന്റ് മാനദണ്ഡങ്ങൾ പ്രകാരം ജോലി ചെയ്യുന്നവരും മറ്റെല്ലാ ഉദ്യോഗസ്ഥരെയുംപോലെ നികുതി നിയമങ്ങൾക്ക് വിധേയരുമായിരിക്കെ, ഇത്തരമൊരു ആരോപണം അടിസ്ഥാന രഹിതമെന്ന് മനസിലാക്കിയും പ്രതിഷേധങ്ങളെ തുടർന്നും പൊതുവിദ്യാഭ്യാസ ഓഫീസർ പ്രസ്തുത നിർദേശം ദിവസങ്ങൾക്കുള്ളിൽ പിൻവലിച്ചിട്ടുള്ളതാണ്.
പക്ഷെ, രണ്ടു മാസങ്ങൾക്കിപ്പുറം മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടറുടെ ഏപ്രിൽ 20 ലെ കത്ത് പ്രകാരം അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രധാനാധ്യാപകർക്ക് നൽകിയിരിക്കുന്ന സർക്കുലറിൽ നികുതി അടയ്ക്കാത്ത ക്രിസ്തുമത വിശ്വാസികളായ ജീവനക്കാരുടെ കണക്കെടുത്ത് റിപ്പോർട്ട് ചെയാൻ ആവശ്യപ്പെട്ടിരിക്കുന്നു. വരുമാന നികുതി സംബന്ധമായ അന്വേഷണത്തിന് ചുമതലപ്പെട്ടിട്ടുള്ളത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പല്ല എന്ന യാഥാർത്ഥ്യം നിലനിൽക്കെയാണ് ഇത്തരമൊരു അബദ്ധം വീണ്ടും ആവർത്തിച്ചിരിക്കുന്നത്.
കേരളത്തിൽ സർക്കാർ കഴിഞ്ഞാൽ വിദ്യാഭ്യാസമേഖലയിൽ ഏറ്റവുമധികം സംഭാവന നൽകിക്കൊണ്ടിരിക്കുന്ന ക്രൈസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങളെയും മാനേജ്മെന്റുകളെയും അനാവശ്യമായി പ്രതിക്കൂട്ടിൽ നിർത്താനും പൊതുജനമധ്യത്തിൽ അവഹേളിക്കാനും വഴിയൊരുക്കിയ ഇത്തരമൊരു നീക്കത്തെക്കുറിച്ച് വിശദീകരണം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പിനും സർക്കാരിനും സാധ്യതയുണ്ട്. വിദ്യാഭ്യാസ മേഖലയിലെ ക്രൈസ്തവരുടെ മഹനീയമായ സംഭാവനകളെയും അതുല്യമായ സേവനങ്ങളെയും കരിവാരിത്തേയ്ക്കാനുള്ള ചിലരുടെ നീക്കങ്ങൾക്ക് സംസ്ഥാന സർക്കാർ വളംവച്ചുകൊടുക്കാൻ പാടില്ല.
വാസ്തവങ്ങളെ അവഗണിച്ചുകൊണ്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്ക് വീണ്ടും വളംവച്ചുകൊടുത്ത മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടറുടെ നടപടിയെ ശക്തമായി അപലപിക്കുന്നു. പുതിയ സർക്കുലർ ഉടനടി പിൻവലിച്ച് ക്രൈസ്തവ സമൂഹത്തോട് മാപ്പുപറയാനും ഉത്തരവാദിത്വരഹിതമായി ഇടപെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും വിദ്യാഭ്യാസ വകുപ്പ് തയാറാകണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി വക്കോ അറയ്ക്കൽ ആവശ്യപ്പെട്ടു.