എൽപിജിയുമായി എത്തിയ ടാങ്കർ ലോറി റോഡുവക്കിലെ കുഴിയിൽ വീണു
Monday, April 21, 2025 4:04 AM IST
കൊല്ലം: എൽപിജിയുമായി എത്തിയ ടാങ്കർ ലോറി റോഡുവക്കിലെ കുഴിയിൽ വീണത് പരിഭ്രാന്തി പരത്തി. ചാത്തന്നൂര്‍ തിരുമുക്ക് ജംഗ്ഷനിൽ തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. മംഗളൂരുവില്‍നിന്ന് പാരിപ്പള്ളി ഐഒസി പ്ലാന്റിലേക്ക് എല്‍പിജിയുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ദേശീയ പാതയില്‍ ചാത്തന്നൂര്‍ തിരുമുക്ക് ജംഗ്ഷനിൽ കുടിവെള്ള പെപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള കുഴിയിലാണ് ടാങ്കർലോറി പെട്ടത്. 18 ടണ്‍ ഗ്യാസാണ് വാഹനത്തിലുള്ളത്. ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്താനുള്ള ശ്രമം നടക്കുകയാണ്.
സംഭവസമയത്ത് ടാങ്കർ ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തി. ജംഗ്ഷനിൽവച്ച് എതിരെ വന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെയാണ് ടാങ്കർ കുഴിയിലേക്ക് ചെരിഞ്ഞത്.