ബസ് ജീവനക്കാരുടെ മർദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ച സംഭവം: പ്രതിയായ ബസ് ഡ്രൈവർ മരിച്ച നിലയിൽ
Sunday, April 20, 2025 8:03 AM IST
മഞ്ചേരി: ബസ് ജീവനക്കാരുടെ മർദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ച കേസിലെ പ്രതിയായ സ്വകാര്യ ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വേട്ടേക്കോട് പുള്ളിയിലങ്ങാടി കളത്തിങ്ങൽ പടി കോന്തേരി ഷിജു (37) ആണ് മരിച്ചത്.
മാർച്ച് ഏഴിന് ഒതുക്കുങ്ങൽ വെസ്റ്റ് കോഡൂരിൽ ബസ് ജീവനക്കാരുടെ മർദനമേറ്റ് ഓട്ടോ ഡ്രൈവറായ അബ്ദുൾ ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഈ കേസിൽ പ്രതിയായ ഷിജു ജാമ്യത്തിൽ ഇറങ്ങിയതാണ്.
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിപ്പടിയിലെ സ്വകാര്യ ലോഡ്ജിലാണ് ശനിയാഴ്ച ഉച്ചയോടെ ഷിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് ഷിജു ലോഡ്ജിൽ മുറിയെടുത്തത്.
ശനിയാഴ്ച ഉച്ചയായിട്ടും വാതിൽ തുറക്കാത്തതോടെ തുടർന്ന് ലോഡ്ജ് ഉടമ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി വാതിൽ തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്.
മഞ്ചേരി–തിരൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറാണ്. യാത്രക്കാരെ കയറ്റിയതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരുമായുണ്ടായ തർക്കത്തെ തുടർന്നാണ് അബ്ദുൾ ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചത്. ഷിജുവിനു പുറമെ കണ്ടക്ടർ, ക്ലീനർ എന്നിവർക്കെതിരെയും കേസെടുത്തിരുന്നു.