വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടി രാഷ്ട്രീയപ്രേരിതം: കെ.കെ.ശൈലജ
Friday, April 4, 2025 9:30 AM IST
മധുര: വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടി രാഷ്ട്രീയപ്രേരിതമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ. ഇതൊന്നും കോടതിയില്‍ നിലനില്‍ക്കില്ലെന്ന് ശൈലജ പ്രതികരിച്ചു.
ആരോപണത്തില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് അന്വേഷണത്തിന് ശേഷം കോടതി പ്രഖ്യാപിച്ചതാണ്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന സമയത്ത് സിപിഎമ്മിനെതിരേ എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് ചിന്തിക്കുന്നതെന്നും അവര്‍ പറഞ്ഞു.
മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ പ്രതിച്ചേർത്ത് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചിരുന്നു. സേവനം ഒന്നും നൽകാതെ വീണാ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ.
ഇതിന് പിന്നാലെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പണം ലഭിച്ചത് മുഖ്യമന്ത്രിയുടെ മകൾ എന്ന നിലയിലാണ്. അതിനാൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാണ് പ്രതിപക്ഷ നിലപാട്.