റെയിൽവേ വഴി കഴിഞ്ഞ വർഷം സഞ്ചരിച്ചത് 715 കോടി യാത്രക്കാർ
എസ്.ആർ. സുധീർ കുമാർ
Friday, April 4, 2025 10:17 PM IST
കൊല്ലം: ഇന്ത്യൻ റെയിൽവേ വഴി കഴിഞ്ഞ വർഷം സഞ്ചരിച്ചത് 715 കോടി യാത്രക്കാർ. 2024 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള കണക്കാണിത്. യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. റിസർവ്ഡ് ക്ലാസ് യാത്രികരുടെ എണ്ണത്തിലടക്കം ഗണ്യമായ വർധനയുണ്ടായി. 2025 സാമ്പത്തിക വർഷത്തിൽ ചരക്ക് ഗതാഗതവും 1.68 ശതമാനം വർധിച്ചു.
ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ചരക്ക് സേവനങ്ങളിൽ നിന്നുള്ള 2025 സാമ്പത്തിക വർഷത്തെ വരുമാനം 1.61 ശതമാനം വർധിച്ച് 171 ലക്ഷം കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം 1.68 ലക്ഷം കോടി രൂപയായിരുന്നു. അതേ സമയം 2019-20 ലെ കോവിഡിന് മുമ്പുള്ള കാലയളവിനേക്കാൾ മൊത്തം യാത്രക്കാരുടെ എണ്ണം ഇപ്പോഴും കുറവാണെന്ന് റെയിൽവേ മന്ത്രാലയത്തിന്റെ കണക്കുകളിൽ സൂചിപ്പിക്കുന്നു.
കോവിഡ് കാലഘട്ടത്തിന് മുമ്പ് യാത്രക്കാരുടെ എണ്ണം 808 -57 കോടി ആയിരുന്നു. 2024 സാമ്പത്തിക വർഷത്തിൽ്ര യാത്രക്കാരുടെ എണ്ണം 680.54 കോടിയാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇത്തവണ യാത്രികരുടെ എണ്ണത്തിൽ 5.07 ശതമാനം വർധന ഉണ്ടായിട്ടുള്ളത്. 2025 സാമ്പത്തിക വർഷത്തെ ആകെ യാത്രക്കാരിൽ എസി, സ്ലീപ്പർ ക്ലാസ് ഉൾപ്പെടെ റിസർവ്ഡ് വിഭാഗത്തിൽ 81 കോടി പേർ യാത്ര ചെയ്തതായാണ് കണക്ക്.
ഇക്കാലയളിൽ റിസർവ് ചെയ്യാത്ത ജനറൽ സെക്കന്റ് ക്ലാസ് വിഭാഗത്തിൽ 634 കോടി ആൾക്കാരും യാത്ര ചെയ്തിട്ടുണ്ട്.
ഇന്ത്യൻ റെയിൽവേയുടെ മൊത്തം യാത്രക്കാരിൽ 55 ശതമാനത്തിൽ അധികവും സബർബൻ മേഖലയിലാണെന്നും കണക്കുകളിൽ സൂചിപ്പിക്കുന്നു. മൊത്തത്തിൽ ഇന്ത്യൻ റെയിൽവേ 2025 സാമ്പത്തിക വർഷത്തിൽ പാസഞ്ചർ വിഭാഗത്തിൽ 75, 750 കോടി രൂപയാണ് വരുമാനമായി നേടിയത്. 2024 സാമ്പത്തിക വർഷത്തിൽ ഇത് 70,693 കോടി രൂപയായിരുന്നു. ചരക്ക് ഗതാഗതത്തിൽ 50 ശതമാനത്തിലധികം പങ്ക് വഹിച്ച് കൽക്കരിയാണ് ഒന്നാം സ്ഥാനത്ത്.
2025 സാമ്പത്തിക വർഷത്തിൽ റെയിൽവേ ഏകദേശം 822 മെട്രിക് ടൺ കൽക്കരി, 89 മെട്രിക് ടൺ കണ്ടെയ്നർ, 51 മെട്രിക് ടൺ പെട്രോളിയം, 50 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ എന്നിവ കടത്തി വിട്ടിട്ടുണ്ട്. ആഭ്യന്തര കണ്ടെയ്നറുകളിലൂടെ കടത്തിവിട്ടതിൽ പ്രധാനമായും ഉൾെപ്പെടുന്നത് ഹോട്ട് റോൾഡ് കോയിലുകൾ, സെറാമിക് ടൈലുകൾ, വാൾ കെയർ പുട്ടി, അരി എന്നിവയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് ആഭ്യന്തര കൽക്കരി ലോഡിംഗ് 7.4 ശതമാനം വർധിച്ചു. കണ്ടെയ്നർ ലോഡിംഗിലെ വർധന 19.72 ശതമാനവുമാണ്.