മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു; കേരളത്തിനായി പ്രത്യേക പ്രമേയം അവതരിപ്പിക്കും
Wednesday, April 2, 2025 10:29 AM IST
മധുര: സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ തുടക്കമായി. ബംഗാളില്‍നിന്നുള്ള മുതിര്‍ന്ന പാര്‍ട്ടി അംഗം ബിമന്‍ ബസു പതാക ഉയര്‍ത്തി.
കേരള സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കും. സംസ്ഥാനത്തിന് അധിക വരുമാനം കണ്ടെത്താനുള്ള കിഫ്ബി അടക്കമുള്ള സംവിധാനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതാണ് പ്രമേയം.
കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഉപരോധിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പ്രമേയത്തിലുണ്ട്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളില്‍ കോണ്‍ഗ്രസും പങ്കാളിയാകുന്നെന്നും വിമര്‍ശനമുണ്ട്.
അതേസമയം ഇന്നത്തെ പ്രതിനിധി സമ്മേളനം സിപിഎം കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. പ്രകാശ് കാരാട്ട് രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിക്കും.
രാഷ്ട്രീയ റിപ്പോർട്ടിൻമേല് ബി.വി.രാഘവലു സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബിയുടെ പേരാണ് ആദ്യ പരിഗണനയിലുള്ളത്. ബി.വി.രാഘവലു, അശോക് ധാവ്ളെ എന്നീ നേതാക്കളും സജീവമായി പരിഗണിക്കപ്പെടുന്നവരാണ്. 800ല്‍ അധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.