പാറ്റ്ന യൂണിവേഴ്സിറ്റ് കാമ്പസിൽ ബോംബ് സ്ഫോടനം; ആളപായമില്ല
Thursday, March 6, 2025 1:06 AM IST
പാറ്റ്ന: ബിഹാറിലെ പാറ്റ്ന യൂണിവേഴ്സിറ്റി കാമ്പസിൽ ബോംബ് സ്ഫോടനം. യൂണിവേഴ്സിറ്റി കാമ്പസിനുള്ളിലെ ദർഭംഗ ഹൗസിന് സമീപമുള്ള സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ ലൈബ്രറിക്ക് പുറത്താണ് സംഭവം.
സ്ഫോടനത്തെത്തുടർന്ന്, ഒരു സ്കോർപിയോ കാറിന്റെ വിൻഡ്ഷീൽഡുകളും ജനൽച്ചില്ലുകളും ലൈബ്രറിയുടെ ജനലും തകർന്നു. സംസ്കൃത വിഭാഗം പ്രഫസറായ ലക്ഷ്മി നാരായൺ സിംഗിന്റേതാണ് കാർ.
സ്ഫോടനത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മാർച്ച് 29 ന് നടക്കാനിരിക്കുന്ന യൂണിയൻ തെരഞ്ഞെടുപ്പിന് മുമ്പ് വിദ്യാർഥി ഗ്രൂപ്പുകൾക്കിടയിൽ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനും പ്രദേശത്ത് സുരക്ഷ വർധിപ്പിക്കുന്നതിനുമായി ദീക്ഷ, ടൗൺ എഎസ്പി, പിർബഹോർ പോലീസ് സ്റ്റേഷനിലെ പോലീസുകാർ എന്നിവർ സ്ഥലത്ത് എത്തി.
സ്ഥലത്ത് നിന്ന് സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തു. അവ പരിശോധനയ്ക്കായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചു.