മണിപ്പുരിൽ തുടർച്ചയായി രണ്ട് ഭൂകമ്പങ്ങൾ
Wednesday, March 5, 2025 3:05 PM IST
ഗുവാഹത്തി: മണിപ്പുരിൽ തുടർച്ചയായി രണ്ട് ഭൂകമ്പങ്ങൾ. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം അനുഭവപ്പെട്ടത്. പിന്നാലെ മറ്റൊരു ഭൂചലനം കൂടി അനുഭവപ്പെട്ടു.
ഇന്ന് രാവിലെ 11.06നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ യാരിപോക്കിൽനിന്നു 44 കിലോമീറ്റർ കിഴക്കും 110 കിലോമീറ്റർ ആഴത്തിലുമാണ് ഇതിന്റെ പ്രഭവകേന്ദ്രമെന്ന് ഷില്ലോംഗിലെ റീജിയണൽ സീസ്മോളജിക്കൽ സെന്റർ ഉദ്യോഗസ്ഥർ പറഞ്ഞു.
ഉച്ചയ്ക്ക് 12.20 ന് 4.1 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂകമ്പം അനുഭവപ്പെട്ടു. കാംജോംഗ് ജില്ലയിലാണ് ഭൂകമ്പം ഉണ്ടായത്. 66 കിലോമീറ്റർ താഴ്ചയിലാണ് ഇതിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെത്തുടർന്ന് മണിപ്പുരിലെ നിരവധി കെട്ടിടങ്ങളിൽ വിള്ളലുകൾ കണ്ടു. ആസാം, മേഘാലയ എന്നിവിടങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.