അമ്മയും രണ്ട് മക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ കേസ്; ഭർത്താവ് അറസ്റ്റിൽ
Wednesday, March 5, 2025 6:02 PM IST
കോട്ടയം: അമ്മയും രണ്ട് മക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ സ്വദേശി ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യയേയും മക്കളെയും ആത്മഹത്യയിലേക്ക് തള്ളി വിട്ടതിൽ നോബിക്കു പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇതിനായി നോബിയെ വിശദമായി ചോദ്യം ചെയ്യും. ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയെന്ന് പോലീസ് പറഞ്ഞു.
മൂന്ന് മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് നോബിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് നോബിയുടെ ഭാര്യ ഷൈനി ( 43) മക്കളായ അലീന എലിസബത്ത് നോബി (11), ഇവാന മരിയ നോബി (10) എന്നിവർ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്.
ഷൈനി മരിച്ചതിന് തലേന്ന് വാട്സാപ്പിൽ മെസേജ് അയച്ചിരുന്നതായി നോബി പോലീസിൽ മൊഴി നൽകി. നിലവിൽ വാട്സ്ആപ്പ് ചാറ്റുകൾ പൂർണമായും ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇത് റിക്കവറി ചെയ്യുന്നതിനുള്ള നടപടി തുടങ്ങിയെന്ന് പോലീസ് പറഞ്ഞു.