കോയമ്പത്തൂരില്‍ നിന്ന് മായം കലര്‍ന്ന ചായപ്പൊടി കൊണ്ടുവന്ന് വിതരണം ചെയ്യുന്ന പ്രതി പിടിയില്‍
Wednesday, March 5, 2025 5:00 PM IST
മലപ്പുറം: കോയമ്പത്തൂരില്‍ നിന്ന് മായം കലര്‍ന്ന ചായപ്പൊടി കൊണ്ടുവന്ന് വിതരണം ചെയ്യുന്ന പ്രതി പിടിയില്‍. വളാഞ്ചേരി വെങ്ങാട് സ്വദേശി ഹാരിസാണ് പിടിയിലായത്.
മലപ്പുറം കല്പകഞ്ചേരിയില് പോലീസ് നടത്തിയ പരിശോധനയിലാണ് മായം കലർന്ന ചായപ്പൊടി പിടികൂടിയത്. മായം കലര്‍ന്ന 27 കിലോ തേയിലയാണ് പിടിച്ചെടുത്തത്.
തിരൂര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫിസര്‍ എം.എന്‍. ഷംസിയയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹാരിസ് ഓട്ടോയില്‍ വില്‍പ്പനക്കായി കൊണ്ടുപോകുന്നതിനിടെയാണ് ചായപ്പൊടി പിടികൂടിയത്. കോയന്പത്തൂരില്‍ നിന്നാണ് തേയില എത്തിച്ചതെന്നും ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യാനാണ് മലപ്പുറത്ത് എത്തിയതെന്നും ഹാരിസ് മൊഴി നല്കി.
ഇതിനു മുമ്പും ഇയാള്‍ മായം കലര്‍ന്ന തേയില വിതരണം ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. വെങ്ങാട് നിന്ന് നേരത്തെയും മായം കലര്‍ന്ന ചായപ്പൊടി ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയിരുന്നു.