ശിവശങ്കറെ ബലിയാടാക്കി മുഖ്യമന്ത്രി സ്വന്തം തടിരക്ഷിച്ചു: കെ.സുധാകരന്
Monday, March 3, 2025 4:06 PM IST
തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറെ ബലിയാടാക്കി സ്വര്‍ണക്കടത്തുകേസ്, ലൈഫ് മിഷന് കേസ് തുടങ്ങിയവയില്‍നിന്നു രക്ഷപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ അദ്ദേഹത്തിനുവേണ്ടി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്.
ഡിവൈഎഫ്ഐയുടെ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലില്‍ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് നേതൃത്വംകൊടുത്ത ഉദ്യോഗസ്ഥനെ വേട്ടയാടിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രൂപപ്പെട്ട ബിജെപി- സിപിഎം ബന്ധമാണ് ലൈഫ് മിഷന് കേസ്, സ്വര്‍ണക്കടത്തു കേസ് എന്നിവ ഇല്ലാതാക്കിയത്. പിണറായി വിജയനെ കേസില്നിന്നൂരാന് മാത്രമല്ല, വീണ്ടും അധികാരത്തിലേറാനും ബിജെപി സഹായിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കസ്റ്റംസ് പിടിച്ചെടുത്ത 15 കോടിയുടെ സ്വര്‍ണം, ലൈഫ് മിഷന് യുഎഇ നൽകിയ 20 കോടിയില്‍ നടത്തിയ വെട്ടിപ്പ് തുടങ്ങിയ അതീവ ഗുരുതരമായ കേസുകളാണ് ഇല്ലാതായത്. കേസുകള്‍ തേച്ചുമായിച്ചു എന്ന അഹങ്കാരത്തിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി ശിവശങ്കറെ ന്യായീകരിക്കുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.