മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാൻ ഹൈക്കമാന്‍ഡ് നിര്‍ദേശം; മുല്ലപ്പള്ളിക്കു പിന്നാലെ സുധീരനെയും കെ. സുധാകരന് കാണും
സ്വന്തം ലേഖകന്‍
Monday, March 3, 2025 8:57 PM IST
കോഴിക്കോട്: മുന്‍ കെപിസിസി പ്രസിഡന്റും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രനെ അനുനയിപ്പിക്കാന്‍ കെ. സുധാകരന് നേരിട്ടെത്തിയത് ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ കേരളത്തില്‍ ഒരു നേതാക്കളെയും അകറ്റി നിര്‍ത്തരുതെന്ന ശക്തമായ നിര്‍ദേശമാണ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നല്‍കിയിരിക്കുന്നത്.
കെ. സുധാകരന് കെപിസിസി പ്രസിഡന്റായതോടെയാണ് മുല്ലപ്പള്ളി സജീവരാഷ്ട്രീയത്തില്‍നിന്നു മാറിനിന്നത്. താന്‍ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാത്ത ആളാണ് കെ. സുധാകരനെന്ന് നേരത്തെ പരസ്യമായി തന്നെ മുല്ലപ്പള്ളി ആരോപിച്ചിരുന്നു. അടുത്തിടെ സംഘടനാ നേതൃമാറ്റ ചര്‍ച്ചകള്‍ കേരളത്തില്‍ നടക്കുന്നതിനിടെ സുധാകരനെ കെപിസിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് ഹൈക്കമാന്‍ഡിന് കത്തയയ്ക്കുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ കൂടിയാണ് ഡല്‍ഹിയില്‍നിന്ന് എത്തി തൊട്ടടുത്ത ദിവസം തന്നെ മുല്ലപ്പള്ളിയെ വീട്ടില്‍ സന്ദർശിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സുധാകരന് മുന്നിട്ടിറങ്ങിയത്. മുതിര്‍ന്ന നേതാവായ വി.എം. സുധീരനുമായും കെ. സുധാകരന് ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.
സുധീരനും നിലവിലെ നേതൃത്വവുമായി അത്ര സ്വരചേര്‍ച്ചയിലല്ല. സുധാകരന് എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ തയാറാകുന്നില്ല എന്നതാണ് സുധീരനുള്പ്പെടെയുള്ളവരുടെ പരാതി. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ അസ്വാരസ്യങ്ങള്‍ മാറ്റിവച്ച് ഒരുമിച്ച് നീങ്ങാനാണ് ഹെക്കമാന്‍ഡ് നിര്‍ദേശം. ഇത് പ്രാവര്‍ത്തികമാക്കുന്ന നടപടികള്‍ക്കാണ് ഇപ്പോള്‍ കെപിസിസി നേതൃത്വം തുടക്കമിട്ടിരിക്കുന്നത്.
ഇടതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കാന്‍ മൊട്ടുസൂചി ആയുധം ആക്കേണ്ടി വന്നാല്‍ അതിനും തയാറാകുമെന്നും എല്ലാവരുമായി സംസാരിച്ച് കൂടെ നിര്‍ത്തുമെന്നുമാണ് കെ.സുധാകരന് മുല്ലപ്പള്ളിയുമായുള്ള കൂടികാഴ്ചയ്ക്കുശേഷം പ്രതികരിച്ചത്.