പത്താം ക്ലാസ് വിദ്യാർഥികളുടെ സെന്റ് ഓഫ് പാർട്ടിയ്ക്കായി കഞ്ചാവെത്തിച്ചു നൽകിയ ആൾ പിടിയിൽ
Friday, February 28, 2025 6:24 PM IST
കാസര്‍ഗോഡ്: പത്താം ക്ലാസ് വിദ്യാർഥികളുടെ സെന്റ് ഓഫ് പാർട്ടിയ്ക്കായി കഞ്ചാവെത്തിച്ചു നൽകിയ ആൾ പിടിയിൽ. കളനാട് സ്വദേശി കെ.കെ.സമീർ (34 ) ആണ് പിടിയിലായത്.
പിടികൂടുന്നതിനിടെ പോലീസിനെ അതിക്രമിക്കാൻ ശ്രമിച്ചതിനടക്കം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എൻഡിപിഎസ് ആക്ട്, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയാണ് പ്രതിക്കു മേൽ ചുമത്തിയിട്ടുള്ള മറ്റു പ്രധാന വകുപ്പുകൾ.
സെൻറ് ഓഫ് പാർട്ടിക്കിടെ കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വെക്കുകയും ചെയ്തതിന് വിദ്യാർത്ഥികൾക്കെതിരെ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതിനായുള്ള അന്വേഷണത്തിനിടെയാണ് കുട്ടികൾ തന്നെ പ്രതിയുടെ പേര് പറഞ്ഞതെന്ന് പോലീസ് അറിയിച്ചു.
കാസർഗോഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്കൂൾ വിദ്യാർഥികൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പരിശോധന നടത്തിയതെന്നും കുട്ടികൾ ലഹരിവിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇങ്ങനെ സെന്റ് ഓഫ് പാർട്ടിയ്ക്ക് ലഹരി ഉപയോഗം നടക്കുന്നുവെന്ന് വിവരം ലഭിച്ചപ്പോൾ പോലീസ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു.
സ്കൂളിന്റെ പേരുവിവരങ്ങളടക്കമുള്ള വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പത്തോളം കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചതായാണ് പോലീസിന്റെ കണ്ടെത്തൽ.