ശശി തരൂരിന് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന് കെ. മുരളീധരൻ
Sunday, February 23, 2025 11:43 AM IST
തിരുവനന്തപുരം: ശശി തരൂരിന് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന് കെ. മുരളീധരൻ. ശശി തരൂരിന്റെ മനസിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിച്ചു കൂടെ നിർത്തണം. അദ്ദേഹത്തിന്റെ സേവനം ആവശ്യമാണെന്നും മുരളീധരൻ പറഞ്ഞു.
ആരും പാർട്ടിയിൽ നിന്ന് പുറത്തു പോകാൻ പാടില്ല. ദേശീയ രാഷ്ട്രീയത്തിലാണ് അദ്ദേഹത്തിന് കൂടുതൽ സംഭാവന നൽകാൻ കഴിയുകയെന്ന്. എല്ലാ തെരഞ്ഞെടുപ്പിലും എല്ലാവരും ജയിക്കുന്നത് പാർട്ടി വോട്ടുകൾക്ക് പുറത്തുള്ളവരുടെ വോട്ടു കൊണ്ടാണ്.
പക്ഷേ പാർട്ടി പ്രവർത്തകരാണ് അതിനു വേണ്ടി പണിയെടുക്കുന്നത്. അന്താരാഷ്ട്ര വിഷയങ്ങളിൽ ശശി തരൂരിന് മികച്ച രീതിയിൽ സംസാരിക്കാൻ അറിയാം. യുവ വോട്ടർമാരെ ആകർഷിക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ട്. ഇവിടെ നമ്മളെ പോലുള്ള ചെറിയ ചെറിയ ആൾക്കാരുണ്ടെന്ന് മുരളീധരൻ പറഞ്ഞു.
പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റു വഴികൾ ഉണ്ടെന്ന് ശശി തരൂരിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ.