അക്ബർ, ഹുമയൂൺ റോഡുകളിലെ സൂചന ബോർഡുകൾ നശിപ്പിച്ചു; അക്രമണത്തിന് പിന്നിൽ "ഛാവ' കണ്ടുമടങ്ങിയ യുവാക്കൾ
Saturday, February 22, 2025 3:08 PM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മുഗൾ ചക്രവർത്തിമാരുടെ പേരിലുള്ള സൂചന ബോർഡുകൾ നശിപ്പിച്ച നിലയിൽ. ഹുമയൂൺ റോഡിലെയും അക്ബർ റോഡിലെയും സൂചന ബോർഡുകളാണ് നശിപ്പിച്ചത്. ബോർഡിൽ ഛത്രപതി ശിവജിയുടെ ചിത്രം ഒട്ടിച്ചു.
സൈൻ ബോർഡിൽ കരി തേച്ച യുവാക്കൾ ബോർഡിൽ ശിവജിയുടെ ചിത്രങ്ങൾ പതിക്കുകയായിരുന്നു. ഛത്രപതി ശിവജി മാർഗ് എന്ന് എഴുതിയ പോസ്റ്ററുകൾ ഒട്ടിക്കുകയും അതിൽ പാലൊഴിക്കുകയും ചെയ്തിട്ടുണ്ട്.
അക്ബർ റോഡ് എന്നെഴുതിയ ബോർഡിൽ അക്രമി സംഘം മൂത്രമൊഴിച്ചതായും ബാബർ റോഡ് എന്ന സൈൻ ബോർഡിൽ കരി തേച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദക്ഷ് ചൗധരിയെന്ന യുവാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തികൾ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.
വിക്കി കൗശൽ അഭിനയിച്ച ‘ഛാവ’ കണ്ടുമടങ്ങിയ യുവാക്കളാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്.
അക്ബറിന്റെയും ബാബറിന്റെയും പേരുകൾ പതിച്ച ബോർഡുകൾ മാറ്റിയില്ലെങ്കിൽ തങ്ങൾ പിഴുതുമാറ്റുമെന്ന് സംഘം ഭീഷണിപ്പെടുത്തുന്നതും മൂത്രമൊഴിക്കുന്നതുമെല്ലാം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.
ഇന്ന് മുതൽ അക്ബർ റോഡിന്റെ പേര് ഛത്രപതി ശിവജി മാർഗെന്നാണെന്നും ദേശീയവാദി സർക്കാരാണെങ്കിൽ റോഡിന്റെ പേരത്രയും പെട്ടെന്ന് മാറ്റണമെന്നും തങ്ങൾ രാജ്യദ്രോഹികളല്ലെന്നും എല്ലാവരും ‘ഛാവ’ സിനിമയിൽ ശിവജി മഹാരാജിന്റെ ചരിത്രം കണ്ടവരാണെന്നും വളരെ ക്രൂരമായാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും സംഘത്തിലുള്ള യുവാക്കൾ പറയുന്നു.