കോട്ടയം നഴ്സിംഗ് കോളജ് റാഗിംഗ്: പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്നു പരിഗണിക്കും
Wednesday, February 19, 2025 11:55 AM IST
ഗാന്ധിനഗര്‍: കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളജില്‍ നടന്ന അതിക്രൂര റാഗിംഗ് സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്കായി പോലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ഇന്നു പരിഗണിക്കും. ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസട്രേറ്റ് കോടതിയില്‍ തിങ്കളാഴ്ചയാണ് അപേക്ഷ സമര്‍പ്പിച്ചത്. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുന്നത്.
കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ ഭീകരമായ റാഗിംഗിന് വിധേയമാക്കിയ സീനിയര്‍ വിദ്യാര്‍ഥികളായ സിപിഎം അനുകൂല സംഘടന കേരള ഗവൺമെന്റ് സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ (കെജിഎസ്എൻഎ) സംസ്ഥാന ജനറൽ സെക്രട്ടറി മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ രാഹുല്‍ രാജ് (22), മൂന്നിലവ് വാളകം കീരിപ്ലാക്കല്‍ സാമുവല്‍ ജോണ്സണ് (20), വയനാട് നടവയലില്‍ പുല്‍പ്പള്ളി ഞാവലത്ത് ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടിയില്‍ റിജില്‍ ജിത്ത് (20), കോരുത്തോട് മടുക്ക നെടുങ്ങാട്ട് വിവേക് (21) എന്നിവരാണ് റിമാന്‍ഡിലുള്ളത്.
കോടതി കസ്റ്റഡി അപേക്ഷ അംഗീകരിച്ചാല്‍ ഇന്നുതന്നെ പ്രതികളെ തെളിവെടുപ്പിനെത്തിക്കും. കനത്ത സുരക്ഷയിലായിരിക്കും ഇവരെ തെളിവെടുപ്പിനു കോളജിലും ഹോസ്റ്റലിലും കൊണ്ടുവരിക.