രണ്ടും കൽപ്പിച്ച് തരൂർ; സിപിഎമ്മിനെതിരായ നരഭോജി പ്രയോഗം നീക്കി
Monday, February 17, 2025 6:14 PM IST
തിരുവനന്തപുരം: യൂത്ത്കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ച് എഫ്ബി പോസ്റ്റിലെ നരഭോജി പ്രയോഗം ശശിതരൂർ നീക്കി. സിപിഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകൾ എന്നായിരുന്നു പോസ്റ്റ്.
എന്നാൽ രണ്ടാമതിട്ട പോസ്റ്റില്‍ നരഭോജി, സിപിഎം തുടങ്ങിയ പരാമര്‍ശങ്ങൾ ഇല്ല. ശരത് ലാലിന്റെയും കൃപേഷിന്റെയും സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു. ജനാധിപത്യ രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നാണ് പോസ്റ്റിൽ പറയുന്നത്.
കെപിസിസിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് തരൂർ ആദ്യം പങ്കുവച്ചിരുന്നു. പിന്നീടാണ് തിരുത്തി പോസ്റ്റിട്ടത്. കഴിഞ്ഞ ദിവസം പിണറായി സർക്കാരിനെ പുകഴ്ത്തി തരൂർ ലേഖനം എഴുതിയത് ഏറെ വിവാദമായിരുന്നു.
സംഭവത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ തരൂരുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ തിരുത്തു വരുത്തിയിരിക്കുന്നത്.
സംസ്ഥാന സർക്കാരിനെ പിന്തുണച്ചതിനു പിന്നാലെ ശശി തരൂർ എംപിയെ പുകഴ്ത്തി സിപിഎം നേതാക്കൾ രംഗത്ത് എത്തിയിരുന്നു.