നെന്മാറയിൽ വീഴ്ചയുണ്ടായെന്ന് സതീശൻ; പോലീസ് ജനകീയ സേനയെന്ന് മുഖ്യമന്ത്രി; അടിയന്തരപ്രമേയത്തിന് അനുമതിയില്ല
Wednesday, February 12, 2025 12:15 PM IST
തിരുവനന്തപുരം: നെന്മാറ ഇരട്ടക്കൊലപാതകത്തിലെ വീഴ്ച സംബന്ധിച്ച അടിയന്തരപ്രമേയത്തിൽ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതി ചെന്താമരയുടെ ജാമ്യവ്യവസ്ഥ ഇളവ് ചെയ്തത് കോടതിയാണ്. പോലീസിന് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനെ കഴിയൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരാതി വന്നപ്പോള്‍ അത് അതീവ ഗൗരവമായി കണക്കാക്കുന്നതില്‍ പോലീസിന് വീഴ്ചയുണ്ടായി
ഇതില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുത്തു. എന്നാൽ പോലീസിനെ വല്ലാതെ ആക്ഷേപിക്കുന്ന നില സ്വീകരിക്കുന്നതെന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പോലീസ് തെളിയിച്ച കേസുകളും നേട്ടങ്ങളും എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണത്തെ പ്രതിരോധിച്ചത്. ചെറിയ കാര്യങ്ങളുയര്‍ത്തി ക്രമസമാധാനം തകര്‍ന്നെന്ന് വരുത്താന്‍ പ്രതിപക്ഷം ശ്രമിക്കുകയാണ്. ചെറിയ വീഴ്ചകളെ പൊതുവൽക്കരിച്ച് പോലീസിനെതിരെ പ്രചരിപ്പിക്കുന്നത് ശരിയല്ല. സംസ്ഥാന പോലീസ് ജനകീയ സേനയാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
അതേസമയം നെന്മാറയിലെ ഇരട്ടക്കൊലപാതകത്തില്‍ വീഴ്ച പോലീസിന് തന്നെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ചൂണ്ടിക്കാട്ടി. ഗുണ്ടകളുടെ സമ്മേളനങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് സതീശന് വിമര്‍ശിച്ചു. കാപ്പ കേസിലെ പ്രതിയെ മാലയിട്ട് സ്വീകരിച്ചത് ആരോഗ്യമന്ത്രിയാണെന്നും സതീശന് വിമര്‍ശനം ഉന്നയിച്ചു.
വിഷയത്തിൽ സഭ നിർത്തിവച്ച് ചർച്ച വേണ്ടെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.