കാട്ടാനക്കലിയിൽ സംസ്ഥാനത്ത് വീണ്ടും ജീവൻ പൊലിഞ്ഞു
Wednesday, February 12, 2025 10:57 AM IST
വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ജീവൻ പൊലിഞ്ഞു. വയനാട്ട് അട്ടമലയിലുണ്ടായ കാട്ടാന ആക്രമണത്തിലാണ് യുവാവിനു ജീവൻ നഷ്ടമായത്. ഏറാട്ടുകുണ്ട് ഉന്നതിയിലെ ആദിവാസി യുവാവായ ബാലൻ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
രാത്രി കടയിൽനിന്നും സാധാനങ്ങൾ വാങ്ങി ഊരിലേക്ക് നടന്നു പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം ആന ചവിട്ടിയരച്ച നിലയിലാണ്.
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ 24 മണിക്കൂറിനിടെ ജീവൻ നഷ്ടമാക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് ബാലൻ. ചൊവ്വാഴ്ച വയനാട് നൂൽപ്പുഴയിലുണ്ടായ കാട്ടാന ആക്രമണത്തിൽ മനു എന്ന ആദിവാസി യുവാവിന് ജീവൻ നഷ്ടമായിരുന്നു. സംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ നാല് പേർക്കാണ് കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമായത്.
കേരള അതിർത്തിയോടു ചേർന്ന തമിഴ്നാട് അന്പലമൂല വെള്ളരിയിലെ നരിക്കൊല്ലി മെഴുകൻമൂല ഉന്നതിയിലെ മനു (45), മടത്തറ ശാസ്താനട വലിയ പുലിക്കോട് ചതുപ്പ് സ്വദേശി ബാബു (54) ഇടുക്കി സ്വദേശിനി സോഫിയ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന ആക്രമണത്തിൽ മരിച്ചത്.
കാട്ടാന ആക്രമണത്തിൽ ഗോത്രവർഗ യുവാവ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഫാർമേഴ്സ് റിലീഫ് ഫോറത്തിന്റെ നേതൃത്വത്തിൽ വയനാട്ടിൽ ഹർത്താൽ പുരോഗമിക്കുന്നതിനിടെയാണ് കാട്ടാന വീണ്ടും ജീവനെടുത്തത്.