ഓയിൽ പാം എസ്റ്റേറ്റ് തീപിടിത്തം: അന്വേഷണത്തിനു നിർദേശം
Wednesday, February 12, 2025 11:50 AM IST
അഞ്ചൽ: ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ കുളത്തൂപ്പുഴ കണ്ടൻചിറ എസ്റ്റേറ്റിലുണ്ടായ തീപിടിത്തത്തിൽ അന്വേഷണം. സംഭവം അന്വേഷിക്കാൻ പുനലൂർ ആർടിഒയെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ച് റിപ്പോർട്ട് നൽക്കാനാണ് കളക്ടറുടെ നിർദേശം.
ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെ തീപിടിത്തമുണ്ടായത്. ഏക്കറുകളോളം പ്രദേശത്തെ എണ്ണപ്പനയാണ് കത്തിനശിച്ചത്. 2023ൽ റീപ്ലാന്റ് ചെയ്ത സ്ഥലമാണ് കൂടുതലായും നശിച്ചത്.
അടിക്കാടുകളിലും ഉണങ്ങിയ ഓലകളിലുമാണ് ആദ്യം തീപിടിച്ചത്. ശക്തമായി വീശിയ കാറ്റിൽ എണ്ണപ്പനകൾക്കു മുകളിലേക്കും തീ പടർന്നു. ഇതോടെ സമീപത്തേക്ക് എത്താനാകാത്ത വിധത്തിൽ പ്രദേശമാകെ തീയും പുകയും നിറഞ്ഞു. പുക ശ്വസിച്ച രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുനലൂർ, കടയ്ക്കൽ ഫയർ സ്റ്റേഷനുകളിൽനിന്ന് അഗ്നിരക്ഷാസേനയും കുളത്തൂപ്പുഴ പോലീസും ഫാമിലെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് രാത്രി എട്ടരയോടെയാണ് തീ നിയന്ത്രണവിധേയമാക്കി.