ഡോ. വന്ദന ദാസ് കൊലപാതകക്കേസ്: സാക്ഷി വിസ്താരം ബുധനാഴ്ച തുടങ്ങും
സ്വന്തം ലേഖകന്‍
Tuesday, February 11, 2025 9:39 PM IST
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരം ബുധനാഴ്ച ആരംഭിക്കും. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മുമ്പാകെയാണ് വിസ്താരം.
കേരളത്തില്‍ നടന്ന കൊലപാതകക്കേസുകളില്‍ ഏറ്റവും അധികം ഡോക്ടമാര്‍ പ്രോസിക്യൂഷന് സാക്ഷികളാകുന്നെന്ന പ്രത്യേകതയും ഈ കേസിനുണ്ട്. 34 ഡോക്ടർമാരെയാണ് പ്രോസിക്യൂഷന് സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് അഞ്ചുവരെയുള്ള ഒന്നാംഘട്ട വിചാരണയില്‍ കേസിലെ ആദ്യ 50 സാക്ഷികളെയാണ് വിസ്തരിക്കുക.
കൂടാതെ നഴ്സുമാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹോസ്പിറ്റല്‍ സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങി ആരോഗ്യ രംഗത്തു നിന്നുമുള്ള വിവിധ സാക്ഷികളെയും വിസ്തരിക്കും. കേസിലെ ഒന്നാം സാക്ഷിയും സംഭവസമയത്ത് ഡോ.വന്ദനയോടൊപ്പം ജോലി നോക്കിയിരുന്നയാളുമായ ഡോ. മുഹമ്മദ് ഷിബിനെയായിരിക്കും ആദ്യ ദിവസം വിസ്തരിക്കുക.
മുമ്പ് കോടതിയില്‍ കേസ് വിചാരണയ്ക്കായി തീയതി നിശ്ചയിച്ച സമയത്താണ് പ്രതി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം നടന്ന പ്രതിയുടെ മാനസികനില പരിശോധനയില്‍ പ്രതിക്ക് വിചാരണ നേരിടാന്‍ മാനസികമായി ബുദ്ധിമുട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് കേസിലെ സാക്ഷി വിസ്താരം ആരംഭിക്കണമെന്ന കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കല്‍ ആവശ്യപ്പെടുകയായിരുന്നു.
2023 മേയ് 10ന് പുലര്‍ച്ചെയാണ് കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകള്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ എംബിബിഎസ് പഠനം പൂർത്തിയാക്കിയതിനുശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന.
പോലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച കുടവട്ടൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി. സന്ദീപിന്റെ കുത്തേറ്റാണ് വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം നെടുമ്പന യുപി സ്കൂള്‍ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.
വിചാരണ നടപടികൾ വീക്ഷിക്കുന്നതിന് ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളും മറ്റ് അടുത്ത ബന്ധുക്കളും ബുധനാഴ്ച കൊല്ലം കോടതി പരിസരത്ത് എത്തുമെന്നാണ് വിവരം.
മത്സ്യത്തൊഴിലാളികൾക്കായി കെപിസിസി കാല്‍നട പ്രക്ഷോഭയാത്ര നടത്തും: കെ. സുധാകരന്
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കെതിരെ നടത്തുന്ന ദ്രോഹ നടപടികള്‍ക്കെതിരെയും മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി കെപിസിസി കാല്‍നട പ്രക്ഷോഭയാത്ര നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.
ബ്ലു സാമ്പത്തിക നയത്തിന്റെ പേരുപറഞ്ഞ് കടല്‍മണല്‍ ഖനനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം മത്സ്യമേഖലയുടെ മരണമണിയാണ്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്നതും കടലിന്റെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതുമായ കടല്‍മണല്‍ ഖനനത്തിന് ഒരു സ്ഥാപനങ്ങളെയും കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല.
സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണ്. തീരദേശമേഖലയ്ക്ക് പ്രത്യേക പാക്കേജിന് 6,000 കോടി പ്രഖ്യാപിച്ചിട്ട് ഒന്നര വര്‍ഷമായി. നാളിതുവരെ ഒരു രൂപപോലും ചെലവാക്കിയില്ല.
പുതിയ ബജറ്റിലും നിരാശമാത്രമാണ്. കടല്‍ക്ഷോഭ മേഖലയില്‍ ശാസ്ത്രീയമായ കടല്‍ഭിത്തി നിര്‍മ്മാണം നടക്കുന്നില്ല. മത്സ്യബന്ധനത്തിനുള്ള സബ്സിഡി മണ്ണെണ്ണ ആവശ്യത്തിന് വിതരണം ചെയ്യുന്നില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ പട്ടയം വിതരണം ചെയ്യുന്നില്ലെന്നും കെ.സുധാകരന് പറഞ്ഞു.