കയര്‍ ബോര്‍ഡ് ജീവനക്കാരിയുടെ മരണം; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര എംഎസ്എംഇ മന്ത്രാലയം
Tuesday, February 11, 2025 12:28 PM IST
കൊച്ചി: കൊച്ചി കയര്‍ ബോര്‍ഡിലെ തൊഴില്‍ പീഡനത്തില്‍ പരാതി നല്കിയ ജീവനക്കാരി മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണ കമ്മിറ്റി രൂപീകരിച്ച് കേന്ദ്ര മൈക്രോ സ്മോൾ ആൻഡ് മീഡിയം മന്ത്രാലയം (എംഎസ്എംഇ).
മൂന്നംഗ സമിതിയെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സംഘം ആരോപണങ്ങള്‍ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
തൊഴില്‍ പീഡനത്തെക്കുറിച്ചു പരാതി നല്കിയ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോര്‍ഡിന്റെ കൊച്ചി ഓഫീസില്‍ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന്റെ ചുമതലയുള്ള സെക്ഷന്‍ ഓഫീസര്‍ വെണ്ണല ചളിക്കവട്ടം പയ്യപ്പിള്ളി പരേതനായ മധുവിന്റെ ഭാര്യ ജോളി (56)യാണു കഴിഞ്ഞ ദിവസം മരിച്ചത്.
തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്നു 11 ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാന്‍സര്‍ അതിജീവിത കൂടിയാണു ജോളി.
കയര്‍ ബോര്‍ഡിലെ മേലുദ്യോഗസ്ഥരില്‍ നിന്നുള്‍പ്പെടെ നിരന്തരമായ മാനസിക പീഡനത്തിന് ഇരയായിരുന്നു ജോളിയെന്നു കുടുംബാംഗങ്ങള്‍ ആരോപിച്ചു. കാന്‍സര്‍ രോഗി കൂടിയായ ഇവര്‍ താന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കയര്‍ബോര്‍ഡ് ഉന്നത ഉദ്യഗസ്ഥര്‍ക്കും എംഎസ്എംഇ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നേരത്തെ പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും പരിഹാരമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
കയര്‍ ബോര്‍ഡില്‍ നടന്ന അഴിമതി ചൂണ്ടിക്കാട്ടിയ ജോളിയോടു മേലുദ്യോഗസ്ഥര്‍ പ്രതികാരബുദ്ധിയോടെ പെരുമാറിയിരുന്നെന്നും കാന്‍സര്‍ രോഗിയെന്ന പരിഗണനപോലും നല്‍കാതെ അകാരണമായി ആന്ധ്രയിലേക്കു സ്ഥലംമാറ്റുകയും പ്രമോഷനും ശമ്പളവും തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കയര്‍ ബോര്‍ഡ്
കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നു കയര്‍ ബോര്‍ഡ് ചെയര്മാന് പറഞ്ഞു. ആരോഗ്യപ്രശ്നങ്ങള്‍ മനസിലാക്കി ജോളിക്ക് അവധിയും ആ സമയത്തെ ശമ്പളവും അനുവദിച്ചു.
1996 ല്‍ കയര്‍ ബോര്‍ഡില്‍ എല്ഡിസിയായിയാണു ജോളി ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്നു ജൂനിയര്‍ സ്റ്റെനോഗ്രഫര്‍, ഹിന്ദി വിവര്‍ത്തക എന്നീ തസ്തികകളിലേക്കു സ്ഥാനക്കയറ്റം നല്കി. ഇപ്പോള്‍ സെക്ഷന്‍ ഓഫീസറാണ്.
ഭരണപരമായ ക്രമീകരണങ്ങളുടെ ഭാഗമായാണു ആന്ധ്രയിലെ രാജമുന്ഡ്രിയിലേക്കു സ്ഥലം മാറ്റം നല്‍കിയത്. ആരോഗ്യപ്രശ്നങ്ങള്‍ മനസിലാക്കി സ്ഥലംമാറ്റ ഉത്തരവും റദ്ദാക്കിയിരുന്നു. ഇക്കാര്യത്തില്‍ ബോര്‍ഡിനുള്ളില്‍ എന്തെങ്കിലും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കണ്ടെത്തി, ഉചിതമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്മാന് അറിയിച്ചു.