പ്രയാഗ്രാജിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഉത്തരവാദിത്വപ്പെട്ടവരെ കാണുന്നില്ല: അഖിലേഷ് യാദവ്
Tuesday, February 11, 2025 6:20 AM IST
ലക്നോ: മഹാകുഭമേളയുമായി ബന്ധപ്പെട്ട് പ്രയാഗ്രാജിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിൽ ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. കിലോമീറ്റർ നീളുന്ന ഗതാഗതക്കുരുക്കിൽപ്പെട്ട ഭക്തർ അവശ്യസാധനങ്ങൾപോലും ലഭിക്കാതെ വലയുകയാണെന്ന് അഖിലേഷ് പറഞ്ഞു.
പ്രയാഗ്രാജിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഉത്തരവാദിത്വപ്പെട്ടവരെ കാണുന്നില്ല. മുഖ്യമന്ത്രി സമ്പൂർണ പരാജയമാണെന്ന് തെളിഞ്ഞു. പ്രയാഗ്രാജിൽ ഗതാഗതക്കുരുക്ക് കാരണം ഭക്ഷ്യവസ്തുക്കളോ, പച്ചക്കറികളോ, മരുന്നുകളോ, ഇന്ധനമോ ലഭ്യമല്ലെന്നും അഖിലേഷ് വിമർശിച്ചു.
ഇതുമൂലം, പ്രയാഗ്രാജ്, മഹാകുംഭമേള പരിസരപ്രദേശങ്ങളിലും പ്രയാഗ്രാജിലേക്കുള്ള റോഡുകളിലും കുടുങ്ങിക്കിടക്കുന്ന കോടിക്കണക്കിനു ഭക്തരുടെ അവസ്ഥ ഓരോ മണിക്കൂറിലും വഷളമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.