ഇൻസ്റ്റഗ്രാം പോളിൽ വോട്ട് കൂടുതൽ ലഭിച്ചു; കൗമാരക്കാരനെ സുഹൃത്ത് കുത്തിക്കൊന്നു
Tuesday, February 11, 2025 2:51 AM IST
മുംബൈ: കൗമാരക്കാരനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ വർധ ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം.
മാനവ് ജുംനാകെ എന്നയാളാണ് സുഹൃത്തായ ഹിമാൻഷു ചിമ്നെയെ കൊലപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിലെ വോട്ടിംഗുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇരുവരും ചേർന്ന് ഇൻസ്റ്റഗ്രാമിൽ പോളിംഗിന്റെ ഭാഗമായി വോട്ട് അഭ്യർഥിച്ച് സ്റ്റോറി പങ്കുവെച്ചിരുന്നു. ഇതിൽ ഹിമാൻഷുവിന് സുഹൃത്തിനെക്കാൾ വോട്ട് ലഭിച്ചത് തർക്കത്തിന് ഇടയാക്കിയിരുന്നു.
ഈ പ്രശ്നം പറഞ്ഞ് പരിഹരിക്കാൻ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയെങ്കിലും ഇത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.