ഒറ്റപ്പാലത്തെ പെട്രോൾ ബോംബ് ആക്രമണം; ചികിത്സയിരുന്ന യുവാവ് മരിച്ചു
Saturday, February 1, 2025 9:41 AM IST
പാലക്കാട്: ഒറ്റപ്പാലം അമ്പലപ്പാറ വാണി വിലാസിനിയില്‍ പെട്രോൾ ബോംബ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വിഷ്ണു ആണ് മരിച്ചത്.
40 ശതമാനത്തിലധികം പൊള്ളലേറ്റ വിഷ്ണു ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന പ്രിയേഷിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. പരിക്ക് ഭേദമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പ്രിയേഷ് ആശുപത്രി വിട്ടത്.
ജനുവരി 13ന് പുലർച്ചെ ആണ് സംഭവം. വീടിന്റെ സിറ്റ് ഔട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നിർമാണ തൊഴിലാളികൾക്ക് നേരെ അയല്‍വാസിയായ നീരജ് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു.
ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തൊഴിലാളികൾ തന്നെ കളിയാക്കുന്നുവെന്ന തോന്നലിലാണ് ആക്രമണം നടത്തിയതെന്ന് നീരജ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.