മന്ത്രി രാജേഷിന്റെ വിഷമം മാറട്ടെ; ഒന്നിച്ച് വാര്‍ത്താസമ്മേളനം നടത്തി സതീശനും ചെന്നിത്തലയും
Wednesday, January 22, 2025 3:34 PM IST
തിരുവനന്തപുരം: മദ്യനിര്‍മാണശാലയില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം. കേരളത്തിലെ മദ്യനയം മാറ്റിയെന്നും ഇപ്പോള്‍ അപേക്ഷ നല്കിയാന് അനുമതി കിട്ടുമെന്ന് മധ്യപ്രദേശിലെയും പഞ്ചാബിലെയും കമ്പനി മാത്രം എങ്ങനെ അറിഞ്ഞെന്ന് രമേശ് ചെന്നിത്തലയ്ക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ സതീശൻ ചോദിച്ചു.
കേരളത്തിലെ ഒരു ഡിസ്റ്റിലറി പോലും പാലക്കാട്ടെ ബ്രൂവറിയുമായി ബന്ധപ്പെട്ട വിവരം അറിഞ്ഞിരുന്നില്ല. വേറൊരു കമ്പനിക്ക് അപേക്ഷ നല്‍കാനുള്ള അവസരം പോലുമില്ലാതെ ഒയാസിസ് കമ്പനിയുമായി മാത്രം എന്തിനാണ് ചര്‍ച്ച നടത്തിയത്. ഒരു നടപടിക്രമവും ഇല്ലാതെ, ആരെയും അറിയിക്കാതെ അതീവ രഹസ്യമായി ഇവരുമായി മാത്രം ചര്‍ച്ച നടത്തിയതെന്തിനാണെന്നും പ്രതിപക്ഷം ചോദ്യം ഉന്നയിച്ചു.
മന്ത്രി എം.ബി.രാജേഷിന്റെ വിഷമം മാറാനാണ് മദ്യനിര്‍മാണശാലയിലെ അഴിമതിയിൽ തങ്ങൾ ഒരുമിച്ച് വാർത്താസമ്മേളനം നടത്തുന്നതെന്നും ഇരുവരും പ്രതികരിച്ചു. ആരാണ് കേമനെന്ന് തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ചെന്നിത്തലയും സതീശനും വേവ്വേറെയായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു എം.ബി.രാജേഷിന്റെ വിമർശനം.