അധ്യാപകർക്കുനേരേ കൊലവിളി നടത്തിയ വിദ്യാർഥിയെ സസ്പെൻഡ് ചെയ്തു
Wednesday, January 22, 2025 1:31 PM IST
പാലക്കാട്: അധ്യാപകർക്കുനേരേ കൊലവിളി നടത്തിയ വിദ്യാർഥിയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു. മൊബൈൽ ഫോണ്‍ പിടിച്ചു വച്ചതിനാണ് വിദ്യാർഥി അധ്യാപകർക്കുനേരേ കൊലവിളി നടത്തിയത്.
പാലക്കാട് ആനക്കര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. തുടർ നടപടികൾ അടുത്ത ദിവസം ചേരുന്ന രക്ഷാകർതൃ മീറ്റിംഗിൽ തീരുമാനിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്കൂളിൽ മൊബൈൽ കൊണ്ട് വരരുതെന്ന് കർശന നിർദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാർഥിയെ ഫോണ്‍സഹിതം അധ്യാപകൻ പ്രധാന അധ്യാപകന്റെ കൈവശം ഏൽപ്പിച്ചു. ഇത് ചോദിക്കാൻ വേണ്ടിയാണ് വിദ്യാർഥി പ്രധാന അധ്യാപകന്റെ മുറിയിൽ എത്തിയത്.
തനിക്ക് മൊബൈൽ തിരിച്ച് വേണമെന്ന വാശിയിലാണ് വിദ്യാർഥി സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ വിദ്യാർഥി അധ്യാപകരോട് കയർത്തു. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവൻ പറയുമെന്നായിരുന്നു ആദ്യം വിദ്യാർഥിയുടെ ഭീഷണി.
ദൃശ്യങ്ങൾ അടക്കം പ്രചരിപ്പിക്കുമെന്നും വിദ്യാർഥി പറഞ്ഞു. ഇതുകൊണ്ടും അധ്യാപകൻ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാൽ കാണിച്ച് തരാമെന്നായിരുന്നു വിദ്യാർഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാൽ എന്താണു ചെയ്യുക എന്ന് അധ്യാപകൻ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാർഥിയുടെ ഭീഷണി.