നായകൻ അല്ലായിരുന്നെങ്കിൽ രോഹിത് ടീമിൽ കാണില്ലായിരുന്നു: ഇർഫാൻ പഠാൻ
Monday, December 30, 2024 8:55 PM IST
മെല്‍ബണ്‍: നായകൻ അല്ലായിരുന്നെങ്കിൽ രോഹിത് ശർമ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കാണില്ലായിരുന്നുവെന്ന് മുൻ താരം ഇർഫാൻ പഠാൻ. ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റിൽ രോഹിത് ബാറ്റിംഗിലും ക്യാപ്റ്റൻസിലും തിളങ്ങനാകാതെ പോയതിന് പിന്നാലെയാണ് ഇർഫാൻ വിമർശനവുമായി രംഗത്തെത്തിയത്.
സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയിലാണ് ഇര്ഫാന് രോഹിത്തിനെതിരെ തുറന്നടിച്ചത്. "ഇപ്പോള്‍ രോഹിത് ടീമില്‍ തുടരുന്നത് ക്യാപ്റ്റനായതുകൊണ്ട് മാത്രമാണ്. ക്യാപ്റ്റനായിരുന്നില്ലെങ്കില്‍ രോഹിത് ഇപ്പോള്‍ ടീമില്‍ പോലും കാണില്ലായിരുന്നു. കെ എല്‍ രാഹുലും യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലുമാണ് ശരിക്കും ടോപ് ഓര്‍ഡറില്‍ കളിക്കേണ്ടത്.'-ഇർഫാൻ പഠാൻ പറഞ്ഞു.
ബാറ്റിംഗിലെ രോഹിത്തിന്റെ പ്രകടനം കാണുമ്പോള്‍ അദ്ദേഹം പ്ലേയിംഗ് ഇലവനില്‍ പോയിട്ട് ടീമില്‍ പോലും സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് വ്യക്തമാണെന്നും മുൻ ഇന്ത്യൻ താരം കുറ്റപ്പെടുത്തി. എന്നാല്‍ രോഹിത് ക്യാപ്റ്റനായതിനാലും സിഡ്നിയില്‍ നടക്കുന്ന അവസാന മത്സരം ജയിച്ച് പരമ്പര സമനിലയാക്കേണ്ടതിനാലും രോഹിത് ടീമില്‍ തുടരുമെന്നും ഇര്ഫാന് പത്താന് വ്യക്തമാക്കി.
രോഹിത് ശര്‍മക്ക് എന്തോ പ്രശ്നമുണ്ടെന്നും ഓസ്ട്രേലിയയില്‍ മാത്രമല്ല ഇന്ത്യയിലും രോഹിത്തിന്റെ പ്രകടനം മികച്ചതായിരുന്നില്ലെന്നും ഇർഫാൻ കൂട്ടിച്ചേർത്തു. രോഹിത് ബാറ്റ് ചെയ്യുമ്പോള്‍ ഞാന്‍ കാണാനാഗ്രഹിക്കുന്ന കാഴ്ച ഇതല്ല. കാരണം, എല്ലായ്പ്പോഴും രോഹിത്തിന്റെ ബാറ്റിംഗ് ആസ്വദിച്ച് കാണുന്നയാളാണ് താനെന്നും ഇർഫാൻ പറഞ്ഞു.
എന്നാലിപ്പോള്‍ രോഹിത്തിന്റെ ബാറ്റിംഗും ഫോമില്ലായ്മയും കാണുമ്പോള്‍ മനസെത്തുന്നിടത്ത് ശരീരം എത്താത്തൊരു തോന്നലാണുണ്ടാകുന്നതെന്നും ഇര്ഫാന് പത്താന് പറഞ്ഞു.