വയനാട് പുനരധിവസത്തിൽ സർക്കാർ പരാജയം: വി.ഡി.സതീശൻ
Sunday, December 22, 2024 11:17 AM IST
തിരുവനന്തപുരം: വയനാട് ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിൽ സർക്കാരിന് ഒരു താത്പര്യവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പുനരധിവാസത്തിനായി തയാറാക്കിയിരിക്കുന്ന പട്ടിക അബദ്ധപട്ടികയാണ്.
ഈ ജോലി എൽപി സ്കൂളിലെ കുട്ടികളെ ഏൽപ്പിച്ചിരുന്നെങ്കിൽ ഇതിനെക്കാൾ നല്ലതായി ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതരുടെ പുനരധിവാസത്തിനായി നാലു മന്ത്രിമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അവർ നാലുപേരും ഒരുമിച്ച് ഇതുവരെ വയനാട് സന്ദർശിച്ചിട്ടില്ല.
മുണ്ടക്കൈ - ചൂരൽമലയിലെ പുനരധിവാസം അടിയന്തരമായി നടപ്പിലാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. എഡിജിപി എം.ആർ.അജിത് കുമാറിനെതിരെയുള്ള അന്വേഷണം പ്രഹസനമായിരുന്നു. ആർഎസ്എസ് നേതാക്കളെ അജിത്കുമാർ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണ്.
പ്രിയങ്കാഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ടുകൊണ്ടാണെന്ന് പറയാൻ വിജയരാഘവനേ കഴിയൂ. സംഘപരിവാർ അജണ്ട സിപിഎം കേരളത്തിൽ നടപ്പിലാക്കുകയാണ്. താൻ വിമർശനത്തിന് അതീതനല്ല. സമുദായ നേതാക്കൾക്ക് വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്.
വിമർശനത്തിൽ കാര്യമുണ്ടോ എന്നു പരിശോധിക്കും. എല്ലാ ജാതി മത വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് കോൺഗ്രസെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.