രക്ഷാപ്രവർത്തനത്തിന് കേന്ദ്രം പണം ചോദിച്ചത് ഹൈക്കോടതിയെ ധരിപ്പിക്കുമെന്ന് മന്ത്രി കെ. രാജൻ
Sunday, December 15, 2024 11:03 AM IST
തിരുവനന്തപുരം: ദുരിത രക്ഷാപ്രവർത്തനത്തിന് കേന്ദ്രം പണം ആവശ്യപ്പെട്ടത് ഹൈക്കോടതിയെ ധരിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. പണം നൽകാൻ സംസ്ഥാനത്തിന് കഴിയാത്ത സാഹചര്യം കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ നടപടി നീതികരിക്കാൻ കഴിയാത്തതാണെന്നും മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ കേന്ദ്രം സഹായത്തിന്റെ പണം ആവശ്യപ്പെട്ട വിവരം അറിയിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കരുത്. ജനാധിപത്യവിരുദ്ധ നടപടിയാണ് കേന്ദ്രസർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.
വയനാട് വീട് നിർമിച്ചു നൽകാം എന്ന് അറിയിച്ചവരുടെ യോഗം ഈ മാസം ചേരുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ച് വീട് നിർമാണം സംബന്ധിച്ച കാര്യം ചർച്ച ചെയ്യും. സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച കാര്യത്തിൽ തീരുമാനമാകാൻ വൈകിയതാണ് വീട് നിർമിക്കുന്നതിൽ തീരുമാനം വൈകാൻ ഇടയാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.