കോടതിയിൽ കൃത്യമായ കണക്ക് നൽകും; ദുരന്തനിവാരണ ഫണ്ടിൽ അവ്യക്തതയില്ലെന്ന് മന്ത്രി രാജൻ
Saturday, December 7, 2024 3:11 PM IST
തൃശൂർ: സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ അവ്യക്തതയില്ലെന്ന് മന്ത്രി കെ. രാജൻ. വ്യാഴാഴ്ച തന്നെ കോടതിയിൽ കൃത്യമായി കണക്ക് നൽകും. സംസ്ഥാന ദുരന്തനിവാരണ ഫണ്ടുമായി ബന്ധപ്പെട്ട ഹൈക്കോടതി വിമർശനത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
കോടതിയിൽ വിശദാംശങ്ങൾ പൂർണമായും അവതരിപ്പിക്കുന്നതിൽ കുറവുണ്ടായോ എന്ന കാര്യം തനിക്ക് അറിയില്ല. അഡ്വാൻസായി നൽകിയ പണത്തിന്റെ കണക്ക് നൽകിയിട്ടുണ്ടോയെന്നും തനിക്കറിയില്ല. ഏറ്റവും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ തന്നെ കോടതിയുടെ മുന്നിൽ ഹാജരായി കൃത്യമായ കണക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ഫണ്ട് മാത്രം ദുന്തബാധിതർക്ക് മതിയാകില്ലെന്നും ചൂരൽമലയ്ക്ക് പ്രത്യേക പാക്കേജ് വേണമെന്നും മന്ത്രി പറഞ്ഞു. മാനദണ്ഡങ്ങൾക്കപ്പുറത്ത് ചൂരൽമലയിലെ ആളുകളുടെ കണ്ണീര് തുടയ്ക്കാൻ ഒരുപാട് പണം വേണ്ടിവരും. അത് നൽകുമോ എന്നതാണ് കേന്ദ്രം പറയേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.