അയൽവാസിയുടെ പറമ്പിൽ നിന്നും മാതളനാരങ്ങ പറിച്ചു; കൗമാരക്കാരനെ കെട്ടിയിട്ട് തല്ലിച്ചതച്ചു
Wednesday, June 26, 2024 3:38 PM IST
ഹൈദരാബാദ്: തെലുങ്കാനയിൽ അയൽവാസിയുടെ പറമ്പിൽ നിന്നും മാതള നാരങ്ങ പറിച്ചതിന് കൗമാരക്കാരനായ ദളിത് ബാലനെ കെട്ടിയിട്ടു മർദിച്ചു. ഷാബാദിലെ കേസാരം ഗ്രാമത്തിലാണ് സംഭവം.
14കാരനാണ് മർദനമേറ്റത്. വിരമിച്ച പ്രധാനാധ്യാപകൻ മധുസൂദൻ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ നിന്ന് മാതളം പറിക്കുന്നതിനിടെയാണ് കുട്ടി പിടിയിലായത്.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ, ഷബാദ് പോലീസ് റെഡ്ഡിക്കെതിരെ ആക്രമണത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും എസ്സി, എസ്ടികൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിലെ വകുപ്പുകൾ പ്രകാരവും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച സ്കൂളിൽ പോകാതെ കുട്ടി സുഹൃത്തുക്കളോടൊപ്പം കളിക്കാൻ പോയിരുന്നു. കളിക്കുന്നതിനിടയിൽ മാതളനാരങ്ങ പറിക്കാനായി കുട്ടി റെഡ്ഡിയുടെ പറമ്പിലെത്തി.
ഇതിനിടെ റെഡ്ഡി കുട്ടിയെ കൈയോടെ പിടികൂടി. തുടർന്ന് കെട്ടിയിട്ട് വടികൊണ്ട് അടിച്ചു. പിന്നീട് കുട്ടിയെ വിട്ടയച്ചു. സംഭവമറിഞ്ഞ് ഇതേപ്പറ്റി ചോദിക്കാൻ ചെന്ന കുട്ടിയുടെ അമ്മയെയും ഇയാളും മകനും ചേർന്ന് ക്രൂരമായി മർദിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു.