ന്യൂനപക്ഷം വൻതോതിൽ കോൺഗ്രസിന് വോട്ട് മറിച്ചു: ഹിമന്ത ബിശ്വ ശർമ
Monday, June 24, 2024 12:45 AM IST
ഗുവാഹത്തി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങൾ വൻതോതിൽ കോൺഗ്രസിന് വോട്ട് മറിച്ച് നൽകി എന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ആസാമിൽ ജനങ്ങൾക്കിടയിൽ വർഗീയത വളർത്തുന്ന ഒരേയൊരു സമുദായമാണ് ഇത് എന്നും അദ്ദേഹം ആരോപിച്ചു.
ചില പ്രത്യേക ന്യൂനപക്ഷ വിഭാഗമാണ് കോൺഗ്രസിന് വോട്ട് മറിച്ചത്. അവർ മോദി നൽകിയ വീടുകളിൽ താമസിക്കുന്നു. മോദി നൽകിയ വൈദ്യുതിയും ശുചിത്വ സൗകര്യങ്ങളും ഉപയോഗിക്കുന്നു. പക്ഷേ വോട്ട് ചെയ്യാൻ പോകുമ്പോൾ അവർ കോൺഗ്രസിന് വോട്ട് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ 126 നിയമസഭാ മണ്ഡലങ്ങളിൽ 92ലും ബിജെപി ഭൂരിപക്ഷം നേടി. 2026 തെരഞ്ഞെടുപ്പിൽ 50 ശതമാനമായി പാർട്ടിയുടെ വോട്ട് വിഹിതം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.