സോണ്ട വേണ്ട; മാലിന്യത്തിന് ഇനി ഗെയ്ല്
Wednesday, September 27, 2023 10:19 AM IST
കോഴിക്കോട്: ഞെളിയംപറമ്പില്‍ "വേസ്റ്റ് ടു എനര്‍ജി' പദ്ധതിയില്‍ നിന്നും സോണ്ട ഇന്‍ഫ്രാ ടെക് കമ്പനിയെ പുറത്താക്കി. കോഴിക്കോട് കോര്‍പറേഷനാണ് പുറത്താക്കിയത്. അഞ്ചുതവണ സമയം നീട്ടി നല്‍കിയിട്ടും പദ്ധതിയുടെ ആദ്യഘട്ടം പോലും കമ്പനി പൂര്‍ത്തിയാക്കിയിരുന്നില്ല.
2019 ലാണ് മാലിന്യത്തില്‍ നിന്നും വൈദ്യുതി എന്ന പദ്ധതിക്കായി സോണ്ടയുമായി കോര്പറേഷന് കരാര്‍ ഒപ്പിട്ടത്. എന്നാല്‍ നാലുവര്‍ഷമായിട്ടും ആദ്യഘട്ടമായ "ബയോ മൈനിംഗ്' പോലും കമ്പനി പൂര്‍ത്തിയാക്കിയില്ല.
കോവിഡ് നിമിത്തം സമയം നീട്ടി നല്‍കിയിട്ടും പണി ഇഴഞ്ഞുനീങ്ങി. ഇതിനിടെ കൊച്ചിയിലെ ബ്രഹ്മപുരത്തെ തീപിടിത്തം നിമിത്തം പ്രതിപക്ഷവും സോണ്‍ടയ്ക്കെതിരേ രംഗത്തെത്തിയിരുന്നു. കമ്പനിക്കെതിരേ വിജിലന്‍സ് അന്വേഷണം അവര്‍ ആവശ്യപ്പെട്ടിരുന്നു.
മാലിന്യത്തില്‍ നിന്നും പ്രകൃതിവാതകം എന്ന പുതിയ പദ്ധതിക്കായി ഗെയ്ലുമായി ചര്‍ച്ച ആരംഭിച്ചതായി മേയര്‍ ഡോ. ബീനാ ഫിലിപ്പ് അറിയിച്ചു. ഗെയ്ലിന് 20 വര്‍ഷത്തേക്ക് കരാര്‍ നല്‍കാനാണ് ഏകദേശ ധാരണ.