ഓടുന്ന ബസിനടിയില്‍ വീണ യുവതിയെ മുടി മുറിച്ച് രക്ഷപെടുത്തി
Tuesday, January 31, 2023 11:40 AM IST
കോട്ടയം: ചിങ്ങവനത്ത് ഓടുന്ന ബസിനടിയിലേയ്ക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപെട്ടു. ബസിന്റെ ടയറിനടിയിലേക്ക് തെറിച്ചു വീണ യുവതിയുടെ മുടി മുറിച്ചാണ് രക്ഷപെടുത്തിയത്.
കുറിച്ചി സ്വദേശിനിയായ യുവതിയാണ് അപകടത്തില്‍പ്പെട്ടത്. തിങ്കഴാഴ്ച വൈകിട്ട് നാലരയോടെ ചിങ്ങവനം പുത്തന്‍പാലത്ത് വച്ചാണ് അപകടമുണ്ടായത്.
സ്കൂള്‍ ബസിലെ ആയയായ യുവതി കുട്ടികളെ റോഡ് മുറിച്ച് കടക്കാന്‍ സഹായിച്ച ശേഷം തിരികെ നടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് വീഴുകയായിരുന്നു.
ടയറിനോട് ചേര്‍ന്ന ഭാഗത്താണ് യുവതി വീണത്. ടയറിനടിയില്‍ മുടി കുരുങ്ങിയതോടെ എഴുന്നേല്ക്കാന് പറ്റാതായി.
സമീപത്ത് തട്ടുകട നടത്തുന്ന ആള് മുടി മുറിച്ച് യുവതിയെ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് കടയില്‍നിന്ന് കത്തി വാങ്ങി മുടി മുറിച്ചാണ് രക്ഷപെടുത്തിയത്.
റോഡില്‍ തലയടിച്ച് വീണതിനെ തുടര്‍ന്ന് തലയ്ക്ക് ചെറുതായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.