വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം; കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ
Sunday, August 4, 2024 9:34 PM IST
കൽപ്പറ്റ: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകി മന്ത്രി വീണാ ജോർജ്. ഇവരുടെ ഉദ്ദേശം, പ്രവര്‍ത്തനം, മറ്റു ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി ശിക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ നടന്ന അവലോകന യോഗത്തില്‍ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം പ്രചാരണം നടത്തുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
വയനാട് ദുരന്തത്തിൽ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ വളര്‍ത്താന്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്ന് വ്യാജ പ്രചാരണം നടന്നിരുന്നു. ഇവർക്കതിരേ കർശന നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി.
നേരത്തെ ദുരന്ത ഭൂമിയിൽ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചാരണമാണെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ പറഞ്ഞിരുന്നു. ഇവർക്ക് കൃത്യമായി ഭക്ഷണം എത്തിച്ച് നൽകുന്നുണ്ടെന്ന് കളക്ടർ അറിയിച്ചു.
ഭക്ഷണം തയാറാക്കുന്നതിനും വിതരണത്തിനും മേല്‍നോട്ടം വഹിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിന്ശേഷമാണ് ഭക്ഷണം വിതരണം ചെയ്യുന്നതെന്നും കളക്ടർ വ്യക്തമാക്കി.