യുഎന്നില്‍ സ്ഥിരാംഗത്വം; ഇന്ത്യയെ പിന്തുണച്ച് ബ്രിട്ടനും പോര്‍ച്ചുഗലും ഇറ്റലിയും
Thursday, September 21, 2023 4:01 PM IST
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വം നേടുന്നതിനായി ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പിന്തുണച്ച് ബ്രിട്ടീഷ് ഫോറിന് സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി.
ഇന്ത്യയ്ക്കൊപ്പം ബ്രസീല്‍, ജര്‍മനി, ജപ്പാന് എന്നീ രാജ്യങ്ങള്‍ക്കും സ്ഥിരാംഗത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട ക്ലെവര്‍ലി, സെക്യൂരിറ്റി കൗണ്‍സില്‍ വികസിപ്പിക്കേണ്ടത് ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു. അതോടൊപ്പം ആഫ്രിക്കയുടെ ശബ്ദം ലോകവേദിയില്‍ മുഴങ്ങിക്കേള്ക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം പങ്കുവെച്ചു.
ചൊവ്വാഴ്ച കൗണ്‍സില്‍ ഓഫ് ഫോറിന് റിലേഷന്‍സില്‍ ആമുഖ പ്രഭാഷണം നടത്തവെയാണ് ക്ലെവര്‍ലി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ലോകം പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെങ്കിലും നമ്മുടെ മുമ്പില്‍ സുസ്ഥിര വികസനത്തിനുള്ള വഴികള്‍ തുറന്നു കിടപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള ശക്തികള്‍ക്കൊപ്പം പുതിയ ശക്തികളുടെ കൂടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കേണ്ടതുണ്ടെന്നു പറഞ്ഞു കൊണ്ടായിരുന്നു ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സ്ഥിരാംഗത്വത്തിനായി ക്ലെവര്‍ലി വാദമുയര്‍ത്തിയത്.
യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗങ്ങളായ ചൈനയെയും റഷ്യയെയും വിമര്‍ശിക്കാനും ക്ലെവര്‍ലി മറന്നില്ല. ഷിന്‍ജിയാംഗ് പ്രവിശ്യയിലെ ഉയിഗുര്‍ മുസ്ലിം പീഡനം ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം ഹോങ്കോംഗില്‍ ചൈന നടത്തുന്ന അതിക്രമങ്ങളെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
യുക്രെയ്നെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കാമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ വിചാരമെന്നും എന്നാല്‍ അത് തെറ്റായ ധാരണയാണെന്നും ക്ലെവര്‍ലി വ്യക്തമാക്കി. യുക്രെയ്നെ സൈനികമായി സഹായിക്കുന്ന അമേരിക്കയെ പുകഴ്ത്താനും ക്ലെവര്‍ലി ശ്രദ്ധിച്ചു.
ബ്രിട്ടനെ കൂടാതെ ഇറ്റലിയും പോര്‍ച്ചുഗലും ഇന്ത്യയുടെ സ്ഥിരാംഗത്വ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.