പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: കോട്ടയത്തും ആലപ്പുഴയിലും യുഡിഎഫിനു പുതുമുഖങ്ങള്‍ വരുമോ ?
സ്വന്തം ലേഖകന്‍
Wednesday, September 27, 2023 9:39 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ഇരുമുന്നണികളിലും അനൗദ്യോഗികമായി ആരംഭിച്ചതായി വിവരം.
തെരഞ്ഞെടുപ്പിന് ഇനിയും മാസങ്ങള്‍ ബാക്കിയുണ്ടെങ്കിലും ഏതു സമയത്തു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും സ്ഥാനാര്‍ഥി പ്രഖ്യാപനം അതിവേഗം തന്നെ നടത്താനാണ് മുന്നണികളുടെ നീക്കം.
യുഡിഎഫിൽ പ്രമുഖകക്ഷിയായ കോണ്‍ഗ്രസ് നിലവിലുള്ള എംപിമാര്‍ക്കു വീണ്ടും മത്സരിക്കാനുള്ള അനുമതി നല്‍കിക്കഴിഞ്ഞു.
ഈ സാഹചര്യത്തില്‍ കഴിഞ്ഞ തവണ നഷ്ടമായ ആലപ്പുഴയിലും കേരള കോണ്‍ഗ്രസ്-എം യുഡിഎഫ് മുന്നണി വിട്ടുപോയതിനെ തുടര്‍ന്ന് നഷ്ടമായ കോട്ടയം സീറ്റിലുമാവും പുതുതായി സ്ഥാനാര്‍ഥികളെ കണ്ടെത്തേണ്ടത്.
ഇതില്‍ കോട്ടയം സീറ്റിന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അവകാശവാദം ഉന്നയിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ മാണി വിഭാഗത്തെപ്പോലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ ശക്തിയില്ലെന്ന വാദമാണ് കോണ്‍ഗ്രസിലെ പല നേതാക്കളും മുന്നോട്ടു വയ്ക്കുന്നത്.
കോണ്‍ഗ്രസ് ഈ സീറ്റില്‍ മത്സരിക്കണമെന്ന അഭിപ്രായവും മുന്നോട്ടു വയ്ക്കുന്നു. മുന്‍ മന്ത്രി കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്, ടോമി കല്ലാനി ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് പ്രധാനമായും ഇവര്‍ മുന്നോട്ടു വയ്ക്കുന്നത്.
പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന അഭിപ്രായവുമുണ്ട്. എം.ജി സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗം ഡോ. അജീസ് ബെന്‍ മാത്യൂസ് ഉള്‍പ്പെടെയുള്ളവരുടെ പേരും ചര്‍ച്ചയിലുണ്ട്.
കെപിസിസി പ്രസിഡന്റിന്റെ വിശ്വസ്തനും കോട്ടയം മണ്ഡലത്തിലെ പ്രബല സമുദായാംഗവുമെന്നതും അജീസിനെ തുണയ്ക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളിയില്‍നിന്നുള്ള ഡോ. റോണി.കെ.ബേബി ഉള്‍പ്പെടെയുള്ളവരുടെയും പേര് പരിഗണിക്കണമെന്ന് അണികള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
കേരള കോണ്‍ഗ്രസിന് സീറ്റ് നല്കിയാല് പാര്‍ട്ടി ചെയര്മാന് പി.ജെ ജോസഫിനെ തന്നെ രംഗത്തിറക്കണമെന്നതാണ് പൊതു ആവശ്യം.
ആലപ്പുഴയില്‍ കഴിഞ്ഞ തവണ പരാജയപ്പെട്ട ഷാനിമോള്‍ ഉസ്മാനെ തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യം യുഡിഎഫില്‍ ഉയരുന്നുണ്ട്. എന്നാല്‍ ഇവിടെയും പുതുമുഖങ്ങള്‍ക്കോ യുവാക്കള്‍ക്കോ അവസരം നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
നിലവിലെ സംഘടനാ ജനറല്‍ സെക്രട്ടറിയും ആലപ്പുഴയില്‍ ദീര്‍ഘകാലം എംഎല്‍എയുമായിരുന്ന കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്നു മത്സരിക്കണമെന്ന വാദവും ശക്തമാണ്. ചുരുക്കത്തില്‍ യുഡിഎഫിന് കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടി വരിക കോട്ടയം, ആലപ്പുഴ സീറ്റുകളില്‍ മാത്രമാവും.