ടെംപിൾ മൗണ്ടിൽ ഇസ്രയേൽ സേനയുടെ വെടിവയ്പ്പ്; പലസ്തീനി യുവാവ് കൊലപ്പെട്ടു
Saturday, April 1, 2023 7:34 PM IST
ടെൽ അവീവ്: കിഴക്കൻ ജറുസലേമിലെ ടെംപിൾ മൗണ്ട് ആരാധനലായത്തിന് സമീപം പലസ്തീനി യുവാവിനെ ഇസ്രയേലി സേന വെടിവച്ച് കൊലപ്പെടുത്തി. മുഹമ്മദ് ഖാലിദ് അൽ ഒസൈബി(26) എന്ന മെഡിക്കൽ വിദ്യാർഥിയാണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ടെംപിൾ മൗണ്ട് ആരാധനാലയത്തിന്റെ ഇസ്രയേൽ നിയന്ത്രണത്തിലുള്ള ചെയ്ൻ ഗേറ്റിന് സമീപത്താണ് വെടിവയ്പ്പ് നടന്നത്.
ആരാധനാലയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന വേളയിൽ ഒസൈബി സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചെന്നും തോക്ക് ഉപയോഗിച്ച് ആക്രമണം നടത്താൻ മുതിർന്നെന്നുമാണ് ഇസ്രയേൽ സേന അറിയിച്ചത്. എന്നാൽ ഒരു യുവതിക്ക് നേരെ നടന്ന ആക്രമണം ഒസൈബി തടയാൻ ശ്രമിച്ചെന്നും ഇതിനിടെയാണ് ഇയാളെ സൈന്യം വെടിവച്ച് വീഴ്ത്തിയതെന്നുമാണ് ദൃക്സാക്ഷികളുടെ മൊഴി.
ഒസൈബിക്ക് നേരെ ഇസ്രേയൽ സേന 10 റൗണ്ട് വെടിയുതിർത്തെന്നാണ് വിവരം. സംഭവത്തിന് ശേഷം മേഖലയിൽ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കി.