അരിയില്‍ ഷുക്കൂര്‍ വധക്കേസ്: നിയമപോരാട്ടം തുടരുമെന്ന് പി. ജയരാജന്
Thursday, September 19, 2024 2:45 PM IST
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ നിയമപോരാട്ടം തുടരുമെന്ന് സിപിഎം നേതാവ് പി. ജയരാജന്. ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനും മുൻ എംഎൽഎ ടി.വി. രാജേഷും നല്കിയ വിടുതല്‍ ഹര്‍ജി കൊച്ചിയിലെ പ്രത്യേക സിബിഐ തള്ളിയ സാഹര്യത്തിലാണ് പ്രതികരണം. നിയമവിദഗ്ധരുമായി ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
2012 ഫെബ്രുവരി 20 നാണ് എംഎസ്എഫിന്റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ ചെറുകുന്ന് കീഴറയില്‍ വച്ച് കൊല്ലപ്പെട്ടത്. അന്നേ ദിവസം ജയരാജനും രാജേഷുമടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു.
ശേഷം, മണിക്കൂറുകള്‍ക്കകം ഷുക്കൂര്‍ കൊല്ലപ്പെടുകയായിരുന്നു. കണ്ണപുരം കീഴറയിലെ വള്ളുവന്‍കടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമായിരുന്നു കൊലപാതകമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കേസില്‍ ഓഗസ്റ്റ് ഒന്നിന് അന്നത്തെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തു. 27 ന് ഹൈക്കോടതി ജയരാജന് ജാമ്യം നല്കി. 2016 ഫെബ്രുവരി എട്ടിന് കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു. 2019 ഫെബ്രുവരി 11 ന് പി. ജയരാജന്, ടി.വി. രാജേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ സിബിഐ തലശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ഷുക്കൂര്‍ കൊലപാതകത്തിലോ ഗൂഢാലോചനയിലോ നേരിട്ട് ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജയരാജനും രാജേഷും കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി തള്ളിയ കോടതി കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല.